ചികിത്സയ്‌ക്കിടെ പീഡിപ്പിച്ചത് 48 സ്ത്രീകളെ, ഇന്ത്യൻ വംശജനായ ഡോക്‌ടർ കുറ്റക്കാരൻ

Webdunia
വെള്ളി, 15 ഏപ്രില്‍ 2022 (16:59 IST)
35 വർഷത്തിനിടെ 48 വനിതാ രോഗികളെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനെന്ന് സ്കോട്‌ലൻഡ് കോടതി. ഡോ.കൃഷ്ണ സിങ് (72) ആണു കേസിലെ പ്രതി. ചികിത്സയ്ക്കിടെ വനിതാ രോഗികളെ ചുംബിക്കുക, അനുചിതമായ പരിശോധനകൾ നടത്തുക, അശ്ലീല സംഭാഷണങ്ങൾ പറയുക എന്നിവയാണ് കൃഷ്‌ണ സിങിനെതിരെ ചുമത്തിയ കുറ്റങ്ങൾ.
 
ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ നടന്ന വിചാരണയ്ക്കിടെ കൃഷ്ണ സിങ് കുറ്റം നിഷേധിച്ചിരുന്നു.1983 ഫെബ്രുവരി മുതൽ 2018 മേയ് വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നത്.ഡോ.സിങ് സ്ത്രീകളെ പീഡിപ്പിക്കുന്നത് പതിവാക്കിയിരുന്നെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷക ഏഞ്ചല ഗ്രേ കോടതിയെ ബോധിപ്പിച്ചു.
 
മെഡിക്കൽ സേവനങ്ങളിലെ സംഭാവനയ്ക്ക് റോയൽ മെംബർ ഓഫ് ഓർഡർ ഓഫ് ബ്രിട്ടിഷ് എംപയർ ബഹുമതി ലഭിച്ചയാളാണ് ഡോ.കൃഷ്‌ണ സിങ്. 2018ൽ, കൃഷ്ണ സിങ്ങിന്റെ ചികിത്സയ്ക്കു വിധേയമായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്‌തത്. ഇതിന് പിന്നാലെ കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയതോടെ 54 കേസുകൾ കൃഷ്ണയ്ക്കെതിരെ റജിസ്റ്റർ ചെയ്തു. ഇതിൽ രണ്ടെണ്ണത്തിൽ കൃഷ്ണ സിങ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു.
 
കൃഷ്ണ സിങ്ങിനുള്ള ശിക്ഷ അടുത്ത മാസം വിധിക്കും. കോടതിയിൽ പാസ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നു ഇയാളെ ജാമ്യത്തിൽ വിട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article