ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 ജൂലൈ 2025 (12:32 IST)
ഇന്ത്യ -യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇന്തോ- പസഫിക് മേഖലകളില്‍ അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ലെവിറ്റ് പറഞ്ഞു. പ്രസിഡന്റ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത സൗഹൃദം ഉണ്ടെന്നും അത് തുടരുമെന്നും അവര്‍ പറഞ്ഞു.
 
അമേരിക്ക ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് തങ്ങള്‍ ഇന്ത്യയുമായി വലിയ വ്യാപാരക്കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന സൂചന ട്രംപ് നല്‍കിയത്. നിലവില്‍ ചൈനയുമായി അമേരിക്ക കരാര്‍ ഒപ്പിട്ടു എന്നാണ് ട്രംപ് പറയുന്നത്.
 
എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാര്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം എല്ലാ രാജ്യങ്ങളുമായും അമേരിക്ക വ്യാപാര കരാര്‍ ഉണ്ടാക്കില്ലെന്നും ട്രംപ് പറഞ്ഞു. രാജ്യങ്ങള്‍ക്കെല്ലാം കത്ത് അയയ്ക്കും. അവര്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ വ്യാപാര കരാറുമായി മുന്നോട്ടുപോകാം. അമേരിക്ക ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ കരാറുകള്‍ ആ രാജ്യങ്ങള്‍ ഉണ്ടാക്കാന്‍ തയ്യാറാകേണ്ടതുണ്ടെന്ന് ട്രംപ്  പറഞ്ഞു. എല്ലാ രാജ്യങ്ങളുമായും അമേരിക്കയ്ക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. 
 
അതേസമയം ചൈനയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ട്രംപ് പുറത്തുവിട്ടിട്ടില്ല. അതേസമയം ധാതുക്കളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട കരാറാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവച്ചതെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ധാതു കയറ്റുമതിയില്‍ ചൈന അമേരിക്കയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് അമേരിക്കയുടെ വാഹന, പ്രതിരോധ വ്യവസായങ്ങളില്‍ വലിയ തിരിച്ചടി ഉണ്ടാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍