ഭീകരവാദത്തിനെതിരെ യോജിച്ചു പോരാടാന്‍ ഇന്ത്യയും ജോര്‍ദാനും
ഞായര്‍, 11 ഒക്‌ടോബര്‍ 2015 (14:45 IST)
ഭീകരവാദത്തിനെതിരെ യോജിച്ചു പോരാടാന്‍ ഇന്ത്യയും ജോര്‍ദാനും ധാരണയിലെത്തി. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ രാഷ്ട്രപതി പ്രണബ് മുഖർജിയും ജോർദാൻ രാജാവ് അബ്ദുളളയുമായുളള കൂടിക്കാഴ്ചയിലാണ് ധാരണ.
പ്രതിരോധ മേഖലയിലും, ഐടി രംഗത്തും നിലവിലുളള സഹകരണം കൂടൂതൽ ദൃഢമാക്കാനും ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു. വ്യാപാര രംഗത്ത് മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കുന്ന നിരവധി കരാറുകളിലും ഇരുരാഷ്ട്ര തലവൻമാരും ഒപ്പുവെച്ചു.
ഭക്ഷ്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യയ്ക്ക് ജോർദാൻ ഉൾപ്പടെയുളള രാഷ്ട്രങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് പ്രണബ് മുഖർജി പറഞ്ഞു. ആറുദിവസത്തെ പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായി ഇന്നലെ ജോർദാനിലെത്തിയ രാഷ്ട്രപതി, ഇസ്രായേൽ, പാലസ്തീൻ രാഷ്ട്രങ്ങളും സന്ദർശിക്കും.