ഒരാഴ്‌ച‌യ്‌ക്കിടെ ഓടിപി നൽകിയത് 28 തവണ; വീട്ടമ്മയുടെ ഏഴ് ലക്ഷം തട്ടിയെടുത്തു

ചൊവ്വ, 5 ജൂണ്‍ 2018 (14:42 IST)
ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഉടമസ്ഥരുടെ പക്കൽ നിന്നും ഡെബിറ്റ് കാർഡിന്റെ  വിവരങ്ങൾ ചോർത്തുന്നത് പതിവാണ്. ഇതിനെതിരെ നിരവധി ജാഗ്രതാ നിർദ്ദേശങ്ങൾ വന്നിരുന്നെങ്കിലും വീണ്ടും അതേ പ്രവണത തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ ഉണ്ടായ സംഭവം ഇതിന് തെളിവാണ്. 
 
ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തട്ടിപ്പുകാർ വിളിച്ചപ്പോൾ വീട്ടമ്മ അത് വിശ്വസിക്കുകയും വൺ ടൈം പാസ്‌വേഡ് നൽകുകയും ചെയ്‌തു. ഒരാഴ്‌ചയ്‌ക്കിടെ വീട്ടമ്മ ഓടിപി നൽകിയത് 28 തവണ. അതുകൊണ്ടുതന്നെ തട്ടിപ്പുകാർക്ക് പണി എളുപ്പമാവുകയും ചെയ്‌തു. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അവർ തട്ടിയെടുത്തത് ഏഴ് ലക്ഷത്തോളം രൂപയും.
 
സാങ്കേതിക തകരാർ മൂലം ഡെബിറ്റ് കാർഡ് തടഞ്ഞിരിക്കുകയാണെന്നും ഇത് ശരിയാക്കുന്നതിനായി എടിഎം വിവരങ്ങൾ ആവശ്യമുണ്ടെന്നും പറഞ്ഞാണ് അവർ വീട്ടമ്മയെ ബന്ധപ്പെട്ടത്. ബാങ്ക് ജീവനക്കാരാണെന്ന് പറഞ്ഞപ്പോൾ വീട്ടമ്മ അത് വിശ്വസിക്കുകയും അവർ ആവശ്യപ്പെട്ടത് പ്രകാരം ഡെബിറ്റ് കാർഡ് നമ്പർ, കാർഡിലെ പേര്, സിവിവി നമ്പർ എന്നിവ ഉൾപ്പെടെയുള്ള കാർഡ് വിവരങ്ങളെല്ലാം നൽകുകയും ചെയ്‌തു.
 
ബാങ്ക് വിവരങ്ങൾ ബാങ്ക് ഉദ്യോഗസ്ഥർക്കുപോലും നൽകരുതെന്ന നിർദ്ദേശങ്ങൾ നമുക്ക് ബാങ്കിൽ നിന്നുതന്നെ ലഭ്യമാകുന്നതാണ്. ഇങ്ങനെയുള്ള കോളുകൾ വരുമ്പോൾ അതിൽ വിശ്വസിക്കാതെ പൊലീസിൽ കേസ് രജിസ്‌റ്റർ ചെയ്യുകയോ നിങ്ങളുടെ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടുകയോ ആണ് ചെയ്യേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍