പ്രളയത്തില്‍ മുങ്ങി ഫ്രാന്‍‌സും ജര്‍മനിയും; ഇരു രാജ്യങ്ങളിലുമായി 17മരണം, നൂറോളം പേരെ കാണാതായി

വെള്ളി, 3 ജൂണ്‍ 2016 (08:29 IST)
ഫ്രാന്‍സിലും ജര്‍മനിയിലും ദിവസങ്ങളായി തുടരുന്ന പേമാരിയിലും കൊടുങ്കാറ്റിലും മരണസംഖ്യ ഉയരുന്നു. ജർമനിയിൽ എട്ടു പേരും ഫ്രാൻസിൽ ഒൻപതു പേരും ഇതിനകം തന്നെ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായിട്ടുണ്ട്. 100 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം ജനജീവിതം താറുമാറാക്കിയതോടെ ഫ്രാൻസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വെള്ളപ്പൊക്കം ഫ്രാന്‍‌സിലാണ് കൂടുതല്‍ അപകടങ്ങള്‍ സമ്മാനിച്ചത്. ആയിരങ്ങൾ വീടുവിട്ട് പലായനം ചെയ്‌തു കഴിഞ്ഞു. തെരുവുകള്‍ എല്ലാം വെള്ളത്തിലാണ്. ഗതാഗതം നിലച്ചതോടെ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചു. ആളുകൾ കെട്ടിടങ്ങളുടെ ടെറസ്സിൽ കുടുങ്ങിയിരിക്കുകയാണ്. സീൻ അടക്കമുള്ള നദികൾ കരകവിഞ്ഞൊഴുകുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. ലോകത്തില്‍ ഏറ്റവും അധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന മ്യൂസിയങ്ങളിലൊന്നായ പാരീസിലെ ലോവറി അടച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലായി. പാരിസിൽ ഒരു മെട്രോ ലൈൻ അടച്ചു.

വെള്ളപ്പൊക്കം നേരിടാൻ പ്രാദേശിക ഭരണാധികാരികൾക്ക് ധന സഹായം അനുവദിക്കുമെന്ന് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് പറഞ്ഞു. അതേസമയം, സ്ഥിതിഗതികൾ ഇപ്പോഴും ആശങ്കാജനകമാണെന്നു പ്രധാനമന്ത്രി മാനുവേൽ വൽസ് പറഞ്ഞു.

ജർമനിയിൽ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ആളപായമുണ്ടായത്. ബവേറിയ പട്ടണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായി. കാണാതായവർ ഒട്ടേറെയുണ്ടെന്നു പൊലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക