ആദ്യ ട്വീറ്റിന് എട്ട് വയസ്; പിറന്നാള്‍ നിറവില്‍ ട്വിറ്റര്‍

ചൊവ്വ, 15 ജൂലൈ 2014 (10:32 IST)
140 അക്ഷരങ്ങള്‍ കൊണ്ട് പറയാനുളളത് പറയുക, സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ അനവധി. ഒരുപക്ഷേ ലോകത്തില്‍ ഏറ്റവുമധികം സെലിബ്രിറ്റികള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ. ഇതൊക്കെയാണ് ട്വിറ്റര്‍ എന്ന കുഞ്ഞന്‍ പക്ഷി. ട്വിറ്റര്‍ എന്ന മൈക്രോബ്ലോഗിംഗ് സൈറ്റിന് ഇന്ന് എട്ടു വയസ് തികയുന്നു. 2006 ജൂലൈ ഒന്നിനാണ് ആദ്യ ട്വീറ്റ് വെബ്‌ലോകത്ത് പാറിപ്പറന്നുവന്നത്
 
2006 ഏപ്രില്‍ 21നാണ് അമേരിക്കന്‍ സ്വദേശികളായ ജാക്ക് ഡോസെയും, ഇവാന്‍ വില്യംസുമാണ് ട്വിറ്റര്‍ എന്ന ആശയത്തിന് രൂപം കൊടുത്തത്‍. സംഗീത ലോകത്തെ പ്രശസ്തരായ ലേഡി ഗാഗയ്ക്കും, കാറ്റി പെറിയ്ക്കുമാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉളളത്. യുവ സംഗീത പ്രതിഭയായ ജസ്റ്റീന്‍ ബീബര്‍ ഇവര്‍ക്കു തൊട്ടു പുറകിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇന്ത്യക്കാരില്‍ ഏറ്റവും മുന്നില്‍.
 
2008 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പായിരുന്നു ട്വിറ്ററിന്റെ വഴിത്തിരിവ്. ട്വിറ്റര്‍ എന്ന സന്ദേശവാഹകനെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബരാക്ക് ഒബാമ ഉപയോഗിച്ചതോടെ ലോകം ഈ ഇത്തിരിക്കുഞ്ഞന്റെ പിന്നാലെയായി.
 
ഒബാമയെ പിന്‍തുടര്‍ന്ന ലോകം ട്വിറ്ററിന്റെ ഒപ്പം കൂടിയതോടെ വളര്‍ച്ച അതിവേഗമായിരുന്നു. ഫേസ്ബുക്ക് മുതലാളിയായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പോലും ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങി. വ്യക്തിയുടെ അനുവാദം കൂടാതെ ഫോളോ ചെയ്യാമെന്ന വലിയ നേട്ടമായിരുന്നു ട്വിറ്ററിനെ മറ്റ് സോഷ്യല്‍ മീഡിയയില്‍ നിന്നും വേര്‍തിരിച്ചത്. പ്രമുഖരുടെ ചില നിര്‍ണായക തിരുമാനങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചതോടെ വാര്‍ത്തകളിലെ അവിഭാജ്യ ഘടകമായി ട്വിറ്റര്‍. 
 
 

വെബ്ദുനിയ വായിക്കുക