മിനാദുരന്തം; കാണാതായ് ഇന്ത്യക്കാരുടെ എണ്ണം 77 എന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (08:39 IST)
ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് കാണാതായ ഇന്ത്യാക്കാരുടെ എണ്ണം 77 ആണെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍. കാണാതായ 77 പേരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി ഹജ്ജ് മിഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയില്‍നിന്ന് തീര്‍ഥാടനത്തിനായി എത്തിയ ഹാജിമാരുടെ ബന്ധുക്കളില്‍നിന്നും മറ്റും ലഭിച്ച പരാതി അനുസരിച്ചുള്ള പട്ടികയാണ് ഹജജ് മിഷന്‍ പുറത്തുവിട്ടത്.

ഈ പട്ടികയില്‍ മലയാളികള്‍ ആരുമില്ലായെന്നാണ് വിവരം. ആനന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, അസം, ബിഹാര്‍, രാജസ്ഥാന്‍, ജാര്‍ഖന്‍ഡ്, ജമ്മു കസ്മിര്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹാജിമാരുടെ വിവരങ്ങളാണ് പട്ടികയിലുള്ളത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിലൂടെ എത്തി കാണാതായവരുടെ പേരും ഇതിലുണ്ട്.

അതിനിടെ, മിനായില്‍ മരിച്ചവരെ തിരിച്ചറിയാന്‍ വിരലടയാളം ശേഖരിക്കുന്ന നടപടി പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഹാജിമാരെ തിരിച്ചറിയാന്‍ അവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ വളകള്‍ മുഴുവന്‍ ഹാജിമാര്‍ക്കും നല്‍കുന്ന പതിവുണ്ട്. തിരിച്ചറിയാന്‍ മറ്റ് കാര്‍ഡുകളും നല്‍കാറുണ്ട്. തീയില്‍പ്പോലും നശിക്കാത്ത അത്തരം വളകളോ തിരിച്ചറിയല്‍ രേഖകളോ ഉള്ളവരെ എളുപ്പത്തില്‍ കണ്ടെത്താനാകും. ഇത്തരം വളകളോ മറ്റ് രേഖകളോ ഇല്ലാത്തവരെ തിരിച്ചറിയുക പ്രയാസമാണ്. വളകളും രേഖകളുമില്ലാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാനാണ് വിരലടയാളം ശേഖരിക്കുന്നത്.