പ്രണയത്തിന്റെ പ്രതീകമാക്കാതെ പൂക്കള്‍ കഴിക്കൂ; മരണം തടയൂ!!!

Webdunia
വ്യാഴം, 24 മാര്‍ച്ച് 2016 (15:46 IST)
പൂക്കള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. അവയ്‌ക്ക് അവയുടേതായ ഒരു ഭാഷയാണുള്ളത്. ഓരോ പൂക്കളിനുമൊപ്പം ഓരോ സന്ദേശങ്ങള്‍ ചേര്‍ത്തു വച്ചിരിക്കുന്നു. ചുവന്ന പനിനീര്‍ പൂക്കള്‍ പ്രണയത്തെ കുറിച്ചാണ് പറയുന്നതെങ്കില്‍ മഞ്ഞ പനിനീര്‍ പൂക്കള്‍ സൌഹൃദത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ പ്രണയത്തിനു പുറത്ത് ബന്ധങ്ങള്‍ക്കും സ്നേഹത്തിനും സൌഹൃദത്തിനും സ്മരണയ്‌ക്കും വാത്സല്യത്തിനുമെല്ലാം എന്തിനേറെ പല രോഗമകറ്റുന്നതിനും പൂക്കള്‍ പ്രതിരൂപമാകാറുണ്ട്.
 
എല്ലാ ദിവസം ഒരു ആപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റൂ എന്ന ചൊല്ല്‌ മാറ്റിയെഴുതാന്‍ നമുക്ക് സമയമായിരിക്കുന്നു!  ഇപ്പോള്‍ പൂക്കളാണ്‌ പ്രധാനമായും ആപ്പിളിന്‌ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്‌. ചൈനക്കാര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന പൂക്കളില്‍ ഫിനോലിക്‌സ്‌ ധാരാളം അടങ്ങിയിട്ടുണ്ടെന്നും അവ മികച്ച ആന്റിഓക്‌സിഡന്റ്‌ ആണെന്നും ഗവേഷണത്തില്‍ കണ്ടെത്തിയതോടെയാണ് പൂക്കളുടെ തലവര മാറിയത്.  
 
ആഹാരസാധനങ്ങള്‍ പാചകം ചെയ്യുമ്പോഴോ അല്ലെങ്കില്‍ മസാലകൂട്ടുകളിലോ പൂക്കള്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ആഹാര വസ്തുക്കള്‍ മോടിപിടിപ്പിക്കുന്നതിനും പലതരത്തിലുള്ള പൂക്കള്‍ ഉപയോഗിക്കാറുണ്ട്‌. ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതും കഴിക്കാന്‍ കഴിയുന്നതുമായ ചില പൂക്കള്‍ ഉണ്ട്. അവയില്‍ ചിലത്-   
 
ഓറഞ്ചിന്റെയും ആപ്പിളിന്റെയും പൂക്കള്‍ 

 
 
എന്തെല്ലാം ഗുണങ്ങളാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരമില്ലെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന പൂക്കളില്‍ ഏറ്റവും മുന്നിലാണ് ഇവയുടെ സ്ഥാനം. എന്തുതന്നെയായാലും ചെറിയ അളവില്‍ ഇവ കഴിക്കാവുന്നതാണ്‌.
 
റോസ്
 
ഭൂമിയില്‍ മനുഷ്യവാസം ആരംഭിക്കുന്നതിനു മുന്‍പുതന്നെ റോസുകള്‍ വളര്‍ന്നിരുന്നതായാണ് പാറകളില്‍ കണ്ട സസ്യാവശിഷ്ടങ്ങളായ ഫോസിലുകള്‍ തെളിയിച്ചിട്ടുള്ളത്. പൂക്കളുടെ രാജാവായ റോസിന്‌ ചൈനീസ്‌ വൈദ്യശാസ്‌ത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്‌.  റോസില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥം ദേഷ്യം ശമിപ്പിക്കാന്‍ സഹായകമാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ഹൃദ്‌രോഗം, കാന്‍സര്‍, പ്രമേഹം എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.
 
ജമന്തിപ്പൂവ്‌ 
 
മനസിനും ശരീരത്തിനും ശാന്തി നല്‍കാന്‍ കഴിയുന്ന കമോമൈല്‍ ചായയില്‍ ചേര്‍ത്താണ്‌ സാധാരണ കഴിക്കുന്നത്‌. ഇതിന്‌ മുറിവുകള്‍ ഉണക്കാനും കാന്‍സറിനെ ചെറുക്കാനുമുള്ള കഴിവുള്ളതായി പറയപ്പെടുന്നു. കൂടാതെ ജമന്തിപ്പൂവില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോളിക് അമ്ലം ക്രോധം ശമിപ്പിക്കുമെന്ന ഒരു ഗുണവുമുണ്ട്‌. 
 
ലാവന്‍ഡര്‍ 
 
തൈരിലും ഐസ്‌ക്രീമിലും ഫ്‌ളേവറായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട പൂവാണ് ലാവന്‍ഡര്‍. താരന്‍ അകറ്റുന്നതിനും ലാവന്‍ഡര്‍ ഉപയോഗിക്കുന്നുണ്ട്. നല്ലൊരു ആന്റി സെപ്റ്റിക് കൂടിയാണ് ലാവന്‍ഡര്‍.
 
മുല്ലപ്പൂവ്‌ 

 
 
ഗ്രീന്‍ ടീയിലും സാലഡുകളിലും പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് മുല്ലപ്പൂവ്. ആന്റി വൈറല്‍ ഗുണങ്ങളുള്ള മുല്ലപ്പൂവിന് കാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ടെന്നും പറയപ്പെടുന്നു‌.
 
ക്രിസാന്തമം 

 
 
സൂര്യകാന്തി വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ചെടിയാണ് ഇത്. ജമന്തിപൂവിലേതു പോലെ ക്രിസാന്തതമവും ചൈനക്കാര്‍ ചായയിലാണ്‌ ഉപയോഗിക്കുന്നത്‌. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും ധാതുലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്‌. മാത്രമല്ല ഇതിന്‌ കാന്‍സറിനെ ചെറുക്കാനുള്ള കഴിവുമുണ്ട്‌. 
 
പാന്‍സി  

വിവിധനിറത്തിലുള്ള പൂക്കളുണ്ടാക്കുന്ന ഒരു സസ്യമാണ് പാന്‍സി.  ഇതില്‍ പ്രധാനമായും പൊട്ടാസ്യവും മറ്റു ധാതുലവണങ്ങളുമാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവ കിഡ്‌നിയെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദ്‌രോഗം എന്നിവയില്‍ നിന്ന്‌ സംരക്ഷണം നല്‍കും. മാത്രമല്ല രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പാന്‍സി സഹായകരമാണ്‌. 
 
ചെമ്പരത്തി

 
പല സാലഡുകളും അലങ്കരിക്കുന്നതിനാണ് സാധാരണയായി ചെമ്പരത്തിപ്പൂവ്‌ ഉപയോഗിക്കുന്നത്‌. ഇത്‌ ചായയില്‍ ചേര്‍ത്തും ഉപയോഗിക്കാറുണ്ട്‌. ചെമ്പരത്തിയില്‍ ആന്റിഓക്‌സിഡന്റുകളും ആന്തോസയാനിന്‍സും ധാരാളം അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്‌ക്കുന്നതിന് ചെമ്പരത്തിക്ക് സാധിക്കും.
 
പിയോനി 

 
ചുവന്നതോ പിങ്ക്‌ നിറത്തിലുള്ളതോ വെളുത്തനിറത്തിലുള്ളതോ ആയ പൂക്കളുണ്ടാകുന്ന ഒരു ചെടിയാണ് പിയോനി. വിഷാദരോഗത്തില്‍ നിന്ന്‌ മുക്തി നേടാന്‍ മനോഹരമായ പിയോനി പൂക്കള്‍ സഹായകമാണ്.
 
ചെണ്ടുമല്ലി 

 


മുറിവുകള്‍ ഉണക്കുന്നതിന്‌ വേണ്ടി ഉപയോഗിക്കുന്ന പൂവാണ് ചെണ്ടുമല്ലി. ചൈനക്കാരാകട്ടെ ചെണ്ടുമല്ലി ചായയിലും ഉപയോഗിക്കുന്നു‌. ഇതില്‍ ഐ വിറ്റാമിന്‍ എന്ന്‌ അറിയപ്പെടുന്ന വര്‍ണ്ണവസ്‌തുവായ ലുട്ടെയ്‌ന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഇത്‌ നേത്രരോഗങ്ങളില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നു. 
 
ഇത്തരത്തില്‍ പല പൂക്കളുകളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ വിട്ടുമാറാത്ത പല തരത്തിലുള്ള രോഗങ്ങളേയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്നതും തെളിയിക്കപ്പെട്ട വസ്തുതയാണ്.