വിമാനസർവീസുകൾ പുനരാരംഭിക്കണം: ഇന്ത്യയ്ക്ക് കത്തെഴുതി താലിബാൻ

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (20:36 IST)
ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് താലിബാന്‍ ഭരണകൂടം. അഫ്ഗാൻ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്തെഴുതിയത്. 
 
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ എന്ന ലെറ്റർഹെഡിലാണ് താലിബാൻ കത്തെഴുതിയിരിക്കുന്നത്. ഭരണത്തിലേറിയ ശേഷം താലിബാൻ ഇന്ത്യൻ ഭരണഗൂഡവുമായി നടത്തുന്ന ആദ്യ ഔദ്യോഗിക ആശയവിനിമയമാണിത്.
 
അതേസമയം അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്‌ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെയാണ് ഇന്ത്യ അഫ്‌ഗാനിലേക്കുള്ള വാണിജ്യവിമാന സർവീസുകൾ നിർത്തിവെച്ചത്.
 
നിലവിൽ അഫ്ഗാനിസ്താന് പുറത്തേക്ക് വിമാന സര്‍വീസുള്ള രണ്ട് രാജ്യങ്ങള്‍ ഇറാനും പാകിസ്താനുമാണ്. ഇതിന് പുറമെ യു.എ.ഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍