ഒരു കുറവും വരുത്താതെയാണ് റഷ്യ ലോകകപ്പിനെ വരവേറ്റത്. തുടക്കം മുതല്‍ അവസാനം വരെ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന സകല സൌകര്യങ്ങളും അവര്‍ ഒരുക്കിയിരുന്നു. അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണമായിരുന്നു ഏറ്റവും വലിയ ഘടകം.
12 രാജകീയ സ്‌റ്റേഡിയങ്ങള്‍ പടുത്തുയര്‍ത്തിയ റഷ്യ ഇനിയാണ് യഥാര്‍ഥ വെല്ലുവിളി നേരിടുക എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലു ബില്യണ്‍ യുഎസ് ഡോളാര്‍ (ഏകദേശം 27,000കോടി) മുടക്കിയാണ് സ്‌റ്റേഡിയങ്ങള്‍ നവികരിച്ചതും നിര്‍മിച്ചതും.
ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഫുട്ബോളിന് വളക്കൂറില്ലാത്ത പ്രദേശങ്ങളിലും നിര്‍മ്മിച്ച സ്‌റ്റേഡിയങ്ങള്‍ പരിപാലിക്കുക എന്നതാണ് റഷ്യന്‍ കായിക മന്ത്രാലയത്തെ അലട്ടുന്ന പ്രശ്‌നം. മോസ്‌കോയിലെ സ്‌റ്റേഡിയങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍, തലസ്ഥാനത്തു നിന്നും ഏറെ അകലയുള്ള നിസ്‌നി നോ വോഗ്രാഡിലെയും സാറങ്കിലെയും സ്‌റ്റേഡിയങ്ങളാണ് സര്‍ക്കാരിന് തലവേദനയാകുക.
ചില സ്‌റ്റേഡിയങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ആള്‍താമസം വളരെക്കുറവാണ്. സംരക്ഷണത്തിനു പുറമെ വലിയൊരു തുക നവീകരണത്തിനായി വര്‍ഷാ വര്‍ഷം ഇനി നീക്കിവയ്‌ക്കുകയും വേണം. ഈ സാഹചര്യത്തില്‍ മറ്റു കായിക മത്സരങ്ങള്‍ക്കുമായും സ്‌റ്റേഡിയം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.