ഫിഡല്‍ കാസ്ട്രോ പൊതുവേദിയില്‍; പ്രീയനേതാവിനെ തിരിച്ചറിഞ്ഞത് കുട്ടികള്‍

Webdunia
ഞായര്‍, 5 ഏപ്രില്‍ 2015 (11:54 IST)
നീണ്ട ഇടവേളക്കുശേഷം ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. പതിനാല് മാസങ്ങള്‍ക്ക് ശേഷമാണ് 88 കാരനായ ഫിഡല്‍ ഒരു പൊതുവേദിയില്‍ എത്തുന്നത്. വെനിസ്വേലന്‍ നയതന്ത്ര സംഘത്തിന് നല്‍കിയ സ്വീകരണ ചടങ്ങിലാണ് അദ്ദേഹം എത്തിയത്.

വെനിസ്വേലന്‍ സംഘത്തിന്റെ പരിപാടി നടക്കുകയായിരുന്ന വേദിക്ക് അരികിലൂടെ ഒരു വാഹനത്തില്‍ ഫിഡല്‍ കാസ്ട്രോ കടന്നു പോകവെ കുട്ടികള്‍ തങ്ങളുടെ പ്രീയ നേതാവിനെ കണ്ടതിനെ തുടര്‍ന്ന് ബഹളം വെച്ച് വാഹനത്തിന് ചുറ്റം കൂടിയതോടെ അദ്ദേഹം വാഹനം നിര്‍ത്തി ജനങ്ങളോടും കുട്ടികളോടും സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം വെനിസ്വേലന്‍ സംഘത്തോട് കുശലാന്വേഷണം നടത്തുകയും ചെയ്ത് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കഴിഞ്ഞവര്‍ഷം ജനുവരിക്കുശേഷം പൊതുവേദിയിലെത്താതിരുന്ന കാസ്ട്രോയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണ്. കറുപ്പും നീലയും കലര്‍ന്ന ട്രാക്ക് സ്യൂട്ടും കറുത്ത തൊപ്പിയും ധരിച്ച് വാഹനത്തിനുള്ളിലിരിക്കുന്ന കാസ്ട്രോയുടെ അഞ്ച് ചിത്രങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. ക്യൂബന്‍ പ്രസിഡന്റായിരിക്കെ അനാരോഗ്യത്തെത്തുടര്‍ന്ന് 2006 ലാണ് ഫിഡല്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് വിരളമായി മാത്രം പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്ന ഫിഡല്‍ 2014 ജനുവരി 8 നായിരുന്നു അവസാനമായി ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.