ഇനി ചന്ദ്രനില്‍ ചെന്ന് രാപാര്‍ക്കാം, ലൂണാര്‍ വില്ല പദ്ധതികളുമായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി

ചൊവ്വ, 9 ജൂണ്‍ 2015 (13:57 IST)
രാജ്യാന്തര ബഹിരാകാശ നിലയത്തിനു പകരം ചന്ദ്രനില്‍ പുതിയ നിലയം പണിയാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി(ഇഎസ്‌എ ) തയ്യാറെടുക്കുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സാങ്കേതിക തകരാറുകള്‍ പതിവായതാണു മാറ്റത്തിനു ഇഎസ്‌എ പ്രേരിപ്പിക്കുന്നത്‌. പുതിയതായി നിര്‍മ്മിക്കാന്‍ പോകുന്ന നിലയങ്ങള്‍ക്ക് ലൂണാര്‍വില്ല എന്ന പേരാണു ഇഎസ്‌എ. പരിഗണിക്കുന്നത്‌.

ഭൂമിക്ക്‌ അഭിമുഖമായി വരാത്ത ചന്ദ്രനിലെ മേഖലയിലാകും ലൂണാര്‍വില്ല തയാറാക്കുക. ഇവിടെ ദൂരദര്‍ശിനികള്‍ സ്‌ഥാപിക്കാനും തീരുമാനമുണ്ട്‌. ആണവ റിയാക്‌ടറുകളുടെ സഹായത്തോടെ ഊര്‍ജാവശ്യം നിറവേറ്റാനാണു ശ്രമം. ഇഎസ്‌എ ഫ്യൂച്ചര്‍ ഹെഡ്‌ഡായ പ്രഫ. ജാന്‍ വോയ്‌നെറാണു ഇ.എസ്‌.എയ്‌ക്കായി പുതിയ പദ്ധതി അവതരിപ്പിച്ചത്‌. ഇതിന്റെ നിര്‍മാണം 2024 ല്‍ ആരംഭിക്കാനാണു നീക്കം.

കുട്ടികളുടെ പ്രിയ പരിപാടിയായ ടെലിടൂബീസ്‌ ടിവി പരമ്പരയിലെ വീടുകളെ ഓര്‍മിപ്പിക്കും വിധമാണു ചന്ദ്രനിലെ ലൂണാര്‍ വില്ലകള്‍ നിര്‍മ്മിക്കുക. എന്നാല്‍ ഇതിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടിവരും. രാജ്യാന്തര ബഹിരാകാശ നിലയത്തിനായി 7,27,500 കോടി രൂപയോളമാണു മുടക്കിയത്‌. ലൂണാര്‍വില്ലക്ക്‌ ഇതിലേറെ പണം വേണ്ടിവരും. നിലവിലുള്ള സാങ്കേതികവിദ്യ അനുസരിച്ചു ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്ക്‌ രണ്ട്‌ ദിവസം വേണ്ടിവരും. 3,70,149.12 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ചന്ദ്രനിലെത്താന്‍ കഴിയൂ.

വെബ്ദുനിയ വായിക്കുക