ഭൂചലനം, നേപ്പാളില്‍ മരണസംഖ്യ 875 ആയി, മരണം മൂവായിരത്തിനു മുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്
ശനി, 25 ഏപ്രില്‍ 2015 (19:44 IST)
നേപ്പാളില്‍ ഇന്ന് രാവിലെ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 875 ആയി. മരണ സംഖ്യ മൂവായിരം വരുമെന്നാണ് അനൌദ്യോഗിക കണക്ക. മരണം മൂവായിരമാകുമെന്ന് നേപ്പാള്‍ റേഡിയോയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമീപകാലത്ത് ഏഷ്യയിലുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണ് നേപ്പാളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 11.41ഓടെയാണ് നേപ്പാളിനെ കഷ്ടതയിലാക്കിയ വൻ ഭൂകന്പം അനുഭവപ്പെട്ടത്. നേപ്പാളിൽ നിന്ന് 81 കിലോമീറ്റർ അകലെയുള്ള പൊഖാറയിലായിരുന്നു ഭൂകന്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകന്പത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ നിലംപൊത്തി, റോഡുകൾ വിണ്ടുകീറി. വൈദ്യുതി തൂണുകളും മറ്റും മറിഞ്ഞു വീണു. ഭയചകിതരായ ജനം വീടുകളും വസ്തുവകകളും ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി പരക്കംപാഞ്ഞു. ഭൂകന്പം 45 സെക്കൻഡ് വരെ നീണ്ടുനിന്നു.
റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നേപ്പാള്‍ തകര്‍ന്നടിഞ്ഞതായാണ് വിവരം. നാലുമിനിറ്റിനുള്ളില്‍ നാല് തുടര്‍ ചലനങ്ങളാണുണ്ടായത്. കാഠ്മണ്ഡുവില്‍ ഭൂകമ്പബാധിതപ്രദേശങ്ങള്‍ പൊടിപടലത്താല്‍ മുങ്ങിയിരിക്കുകയാണ്. കെട്ടിടങ്ങള്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നതിനെപ്പറ്റി റിപ്പോര്‍ട്ടുകളില്ല. കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണ്. രാജ്യത്തെ പല ചരിത്ര സ്മാരകങ്ങള്‍ അടക്കം ദശകോടികളുടെ നാശമാണ് നേപ്പാളില്‍ ഉണ്ടായിരിക്കുന്നത്. 1934ൽ, നേപ്പാളിൽ റിക്ടർ സ്കെയിലിൽ 8.0 രേഖപ്പെടുത്തിയ ഭൂകന്പം ഉണ്ടായപ്പോൾ കാഠ്മണ്ഡു, ഭക്താപൂർ, പതൻ എന്നിവിടങ്ങൾ പൂർണമായി തകർന്നിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഇത്രയും വലിയ ഭൂകമ്പം ഉണ്ടാകുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവസരോചിതമായ ഇടപെടല്‍ നേപ്പാളിന് ആശ്വാസമാകുന്നു എന്നാണ് വിവരം. ഭൂകമ്പമുണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ മോഡി നേരിട്ട് ഇടപെടുകയും എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. നേപ്പാള്‍ പ്രസിഡന്‍റുമായി മോഡി ആശയവിനിമയം നടത്തി. രക്ഷാദൌത്യവുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനം നേപ്പാളിലെത്തികയും ചെയ്തു. ഇതില്‍ ആഹാരം,കുടിവെള്ളം, വസ്ത്രങ്ങള്‍, മരുന്ന് തുടങ്ങി എല്ലാം അടങ്ങിയിട്ടുണ്ട്. കാട്മണ്ഡു വിമാനത്താവളം സജ്ജമാണെങ്കില്‍ കൂടുതല്‍ വലിയ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് പറക്കും. അല്ലെങ്കില്‍ രക്ഷാദൌത്യവുമായി ചെറുവിമാനങ്ങളെ അയയ്ക്കാനാണ് തീരുമാനമെന്നറിയുന്നു.
നേപ്പാളില്‍ മരണസംഖ്യ ആയിരത്തോട് അടുത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ദുരന്തനിവാരണസേനയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ആദ്യഘട്ടമായി 40 ദുരന്തനിവാരണ ഉദ്യോഗസ്ഥരെ നേപ്പാളിലേക്ക് അയച്ചുകഴിഞ്ഞു. രക്ഷാദൗത്യത്തിനായി വായുസേനയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ നേപ്പാളില്‍ 150ല്‍പ്പരം ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇവരെ രക്ഷിക്കുന്നതിനൊടൊപ്പം ദുരന്തത്തിനിരയായ നേപ്പാളിജനതയെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ പ്രവര്‍ത്തനം.
ഇവര്‍ക്ക് നേത്യത്വം നല്‍കാന്‍ ഇന്ത്യയിലെ ഭരണരംഗത്തെ പ്രമുഖര്‍ ഒന്നടങ്കം ഒരേ മനസ്സോടെ അണിനിരന്നിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് പുറമേ, അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ ക്രിയാത്മക ഇടപെടലാണ് നടത്തുന്നത്. അടുത്തകാലത്ത് നേപ്പാളുമായുണ്ടായ അകല്‍ച്ച മികച്ചസുരക്ഷാദൗത്യത്തിലുടെ മറികടക്കാനുളള ശ്രമത്തിലാണ് ഇന്ത്യ. നേപ്പാളില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ നേത്യത്വം നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.