അജ്മാനിലെ ബഹുനിലക്കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; ആളപായമില്ല

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2016 (09:08 IST)
ഷാര്‍ജ- അജ്മാന്‍ അതിര്‍ത്തിയിലെ റുമൈലക്ക് സമീപം ബാങ്ക് സ്ട്രീറ്റിലെ ബഹുനില താമസ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അടുത്തിടെ യു എ ഇയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വന്‍ അഗ്നിബാധയാണിത്. ഇന്നലെ രാത്രി 9.30ഓടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരവധിപേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഏതാനുംപേര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.

ഷാര്‍ജയില്‍ നിന്ന് അജ്മാനിലേക്ക് കടക്കുന്ന ഭാഗത്ത് 30ഓളം നിലകളിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ താഴെ നില മുതല്‍ മുകള്‍ നില വരെ തീപടര്‍ന്നിട്ടുണ്ട്. ഉടന്‍തന്നെ സിവില്‍ ഡിഫന്‍സ് റെസ്‌ക്യൂ സംഘവും ആംബുലന്‍സുകളും സ്ഥലത്തേക്ക് തിരിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ അജ്മാന്‍, ഷാര്‍ജ മേഖലകളില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ് യാൻ സ്ഥലം സന്ദർശിച്ചു.

നേരത്തെ പുതുവത്സരാഘോഷങ്ങൾക്കിടെ സെന്‍ട്രല്‍ ദുബായിലെ അഡ്രസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു. 2015 ഫിബ്രവരിയില്‍ ദുബായിലെ ഏറ്റവും ഉയരമുള്ള പാര്‍പ്പിട സമുച്ചയങ്ങളില്‍ ഒന്നായ ടോര്‍ച്ച് സ്‌കൈസ്‌ക്രാപ്പറിലും വന്‍ അഗ്നിബാധ ഉണ്ടായിട്ടുണ്ട്.