ഇത്തവണത്തെ ഹാനോയി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത് ഒരു സിനിമ മാത്രം. ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷി എന്ന സിനിമ. കാനഡ, കൊറിയ, ഇറാൻ, റഷ്യ, ജപ്പാൻ, ഫ്രാൻസ്, ഫിലിപ്പീൻസ്, ഇന്ത്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ സിനിമകളും വിയറ്റ്നാമിൽ നിന്നും രണ്ട് സിനിമകളുമാണ് തിരഞ്ഞെടുത്തത്.
വിയറ്റ്നാമിൽ നടക്കുന്ന ചലച്ചിത്രമേളയിൽ തന്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ട വിവരം സംവിധായകൻ ഡോ. ബിജു തന്നെയാണ് അറിയിച്ചത്. നിരവധി ലോക രാജ്യങ്ങളിലെ സിനിമയ്ക്കൊപ്പം, നിരവധി പ്രശസ്തരായ സംവിധായകരോടൊപ്പം ഇന്ത്യയിൽ നിന്നും മത്സരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു സിനിമ വലിയ ചിറകുള്ള പക്ഷികൾ ആണ് എന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ബിജു ഫേസ്ബുക്കിൽ കുറിച്ചു. അതിലും ഏറെ സന്തോഷം കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തം കൂടുതൽ ലോക ശ്രദ്ധയിലേക്ക് എത്തിക്കുവാൻ ഒരു അവസരം കൂടി ലഭ്യമാകുന്നു എന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഹാനോയി ചലച്ചിത്ര മേളയുടെ കൺട്രി ഫോക്കസ് ഇറ്റലിയും ഇന്ത്യയും ആണ്. കൺട്രി ഫോക്കസ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും 5 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ബംഗാളിൽ നിന്നും സിനിമാ വാല , സോറാ ബ്രിഡ്ജ് എന്നീ ചിത്രങ്ങൾ ഉൾപ്പെടെ 3 സിനിമകൾ, ഹിന്ദിയിൽ നിന്നും ഒന്ന് ,തമിഴ് ചിത്രം വിശാരണെ. വിയറ്റ്‌നാം സർക്കാരിന്റെ ഔദ്യോഗിക മേളയായ ഹാനോയി ചലച്ചിത്ര മേള നവംബർ 1 മുതൽ 5 വരെ വിയറ്റ്നാമിന്റ്റെ തലസ്ഥാനമായ ഹാനോയിയിൽ ആണ് നടക്കുന്നത്.