ലാദന്‍റെ മകന്‍ കൊല്ലപ്പെട്ടതായി ട്രം‌പ് സ്ഥിരീകരിച്ചു

ശനി, 14 സെപ്‌റ്റംബര്‍ 2019 (20:29 IST)
അല്‍ ഖ്വയ്‌ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ മേഖലയിലുണ്ടായ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതെന്നാണ് ട്രം‌പ് അറിയിച്ചിരിക്കുന്നത്. പല ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതില്‍ പ്രധാനിയായിരുന്നു ഹംസയെന്നും ട്രം‌പ് പറഞ്ഞു. 
 
ഹംസ കൊല്ലപ്പെട്ടതോടെ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് നിരീക്ഷിച്ചു. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ അല്‍ ഖ്വയ്ദയുടെ ശക്തി ക്ഷയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഹംസ ബിന്‍ ലാദന്‍റെ നേതൃത്വത്തില്‍ സംഘടന ശക്തിയാര്‍ജ്ജിച്ചുവരികയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹംസയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യു എസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
 
ഹംസ കൊല്ലപ്പെട്ടതായി വിവരങ്ങളുണ്ടെന്ന് നേരത്തേ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അന്ന് കൃത്യമായ പ്രതികരണത്തിന് ഡോണള്‍ഡ് ട്രംപ് തയ്യാറായിരുന്നില്ല. അമേരിക്ക നടത്തിയ സൈനികനീക്കത്തില്‍ ഹംസ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍