ധോണി ചെയ്തതിൽ യാതൊരു തെറ്റുമില്ല, അദ്ദേഹത്തിന് മുന്നിൽ വേറെ വഴിയില്ലായിരുന്നു: രവി ശാസ്ത്രി
ശനി, 20 ജൂണ്‍ 2015 (18:24 IST)
ബംഗ്ലദേശ് ബോളർ മുസ്തഫിസുർ റഹ്മാനുമായി കൂട്ടിയിടിച്ച സംഭവത്തില്‍ ധോണിക്ക് പിന്തുണയുമായി ടീം ഡയറക്ടർ രവി ശാസ്ത്രി. ധോണി മുസ്തഫിസുർ റഹ്മാനെ വലിയൊരപകടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു എന്നും അതിനാല്‍ ധോണി ചെയ്തതിൽ യാതൊരു തെറ്റുമില്ല എന്നും രവി ശാസ്ത്രി പറഞ്ഞു.
റണ്ണിനായി ഓടുമ്പോൾ അദ്ദേഹത്തിന് മുന്നിൽ വേറെ വഴിയുമില്ലായിരുന്നു. ഓടുന്നതിനിടെ തന്റെ അടുത്തേക്ക് വന്ന ബൗളറുടെ ശരീരത്തിൽ ബാറ്റ് തട്ടാതെ ധോണി ശ്രദ്ധിക്കുകയായിരുന്നു. അല്ലായിരുന്നെങ്കിൽ 3-4 മാസം അദ്ദേഹത്തിന് പരുക്ക് പറ്റി വിശ്രമിക്കേണ്ടി വന്നേനെ. - രവി ശാസ്ത്രി ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.
ഇന്ത്യൻ ഇന്നിങ്സിന്റെ 25-ാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവങ്ങൾ. സിംഗിളെടുക്കാനായി ഓടിയ ധോണിയുടെ വഴിയിൽ ഇടതു ഭാഗത്ത് മുസ്തഫിസുർ നിൽക്കുമ്പോള്‍ മുസ്തഫിസുറിനെ ഇടതുകൈ കൊണ്ട് തള്ളി മാറ്റി ധോണി റൺ പൂർത്തിയാക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ പരിക്കേറ്റ ഓവർ പൂർത്തിയാക്കാതെ മുസ്തഫിസുർ ഗ്രൗണ്ട് വിട്ടു.
മൽസരത്തിൽ ഇന്ത്യ 79 റൺസിന് തോൽക്കുകയും മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിൽ ബംഗ്ലദേശ് 1-0ന് മുന്നിലെത്തുകയും ചെയ്തു. സംഭവത്തിന്റെ ഭാഗമായി മാച്ച് ഫീയുടെ 75 ശതമാനം ഇന്ത്യൻ ക്യാപ്റ്റനു പിഴശിക്ഷ വിധിച്ചിരുന്നു. അരങ്ങേറ്റത്തിൽ അഞ്ചു വിക്കറ്റെടുത്തു മാൻ ഓഫ് ദ് മാച്ചായ മുസ്തഫിസിറിനുമുണ്ട് ശിക്ഷ-മാച്ച് ഫീയുടെ പകുതി പിഴ നൽകണം. ധോണി, മുസ്തഫിസുർ, ടീം മാനേജർമാർ എന്നിവർ പങ്കെടുത്ത ഹിയറിങിനു ശേഷം മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ആണ് ശിക്ഷ വിധിച്ചത്.
കൂട്ടിയിടി ഒഴിവാക്കാൻ കഴിവതും ശ്രമിച്ചു. ഇരുകൈയ്യിലും പിടിച്ച ബാറ്റ് വലംകൈയിലേക്കു മാറ്റി. പക്ഷേ ഇടതുഭാഗത്തു കൂടെ റെയ്ന ഓടുന്നുണ്ടായിരുന്നതിനാൽ മുസ്തഫിസുറിനെ തട്ടാതിരിക്കാൻ കഴിഞ്ഞില്ല. തെരുവിൽ നടക്കുമ്പോൾ കൂട്ടിമുട്ടുന്നതു പോലെയായിരുന്നു അതെന്നായിരുന്നു ധോണി സംഭവത്തോട് പ്രതികരിച്ചത്.