ഗാസയ്ക്കു നേരെ ഇസ്രയേല്‍ അഞ്ചു ദിവസമായി തുടരുന്ന വ്യോമാക്രമണത്തില്‍ ഇന്നലെ 22 പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം മരണമടഞ്ഞവരുടെ എണ്ണം 140 ആയി. വ്യോമാക്രമണം തുടരുന്ന ഇസ്രയേല്‍ കരയുദ്ധത്തിനുമൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. 33,000 പേരടങ്ങുന്ന കരുതല്‍ സൈന്യം അതിര്‍ത്തിയിലേക്കു നീങ്ങിയിട്ടുണ്ടെന്നും ഇസ്രയേല്‍ അറിയിച്ചു. വ്യോമാക്രമണവും തുടരുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ജനറല്‍ മോടി അല്‍മോസ് പറഞ്ഞു. ഇതേസമയം, ഇസ്രയേലിലെ ബേര്‍ശേബായില്‍ ഇന്നലെ ഹമാസിന്റെ രണ്ടു റോക്കറ്റുകള്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തില്‍ 750 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഏറെപ്പേരും സാധാരണ പൌരന്മാരാണെന്നു പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. കൊല്ലപ്പെട്ട 127 പേരില്‍ 25 കുട്ടികളടക്കം 81 പേരും സാധാരണ പൌരന്മാരാണ്. പൊലീസ് ഓഫിസര്‍മാരുടേതും സൈനിക ഓഫിസര്‍മാരുടേതുമുള്‍പ്പെടെ 200 പേരുടെ വീടുകളാണ് ഇസ്രയേല്‍ ആക്രമിച്ചത്. മൊത്തം 537 വീടുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു.