യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ അശ്ലീല ആഗ്യം കാണിച്ച യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഒക്ടോബര്‍ 28ന് സൈക്കിളില്‍ പോകുമ്പോഴാണ് ഡെമോക്രാറ്റ് അനുകൂലിയായ ജൂലി ബ്രിസ്ക്മാന് വാഹനവ്യൂഹത്തിനു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. സ്റ്റെര്‍ലിങ്ങിലുള്ള തന്റെ ഗോള്‍ഫ് ക്ലബ്ബില്‍ നിന്നും ട്രംപ് പോകുന്നതിനിടെയായിരുന്നു സംഭവം.
യുവതിയുടെ പ്രതിഷേധത്തെ എ.എഫ്.പി വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്സ്കിയാണ് പകര്‍ത്തിയത്. ചിത്രങ്ങള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, നാടുകടത്തല്‍ നയങ്ങളോട് തനിക്ക് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നെന്നും ട്രംപിനെ കണ്ടപ്പോള്‍ രക്തം തിളച്ചതുകൊണ്ടാണ് പ്രതിഷേധിച്ചതെന്നും ജൂലി പറഞ്ഞു.
ഇതിനുശേഷം ആ ഫോട്ടോ ട്വിറ്ററിലും ഫേസ്ബുക്കിലും യുവതി പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട എച്ച്ആർ മാനേജറാണ് യുവതിയെ വിളിച്ച് നടപടി എടുത്തത്. എന്നാല്‍ ജോലി സമയത്തല്ല ഫോട്ടോ എടുത്തതെന്നും പറഞ്ഞ് യുവതി ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് യു.എസ് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും കരാര്‍ പണികളെടുക്കുന്ന അകിമ എല്‍.എല്‍.സിയിലെ ജോലി യുവതിക്ക് നഷ്ടമായത്.