ഗതാഗതമന്ത്രിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല; തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും

ചൊവ്വ, 7 നവം‌ബര്‍ 2017 (09:56 IST)
സംസ്ഥാനസര്‍ക്കാരിനും ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായല്‍ കയ്യേറ്റം നടത്തിയെന്ന് തെളിഞ്ഞ ഗതാഗത തോമസ് ചാണ്ടിയെ ഇനിയും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.
 
എന്തുകൊണ്ടാണ് തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.
 
ഗെയില്‍ സമരത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് നരനായാട്ടാണ്. സമരങ്ങളോടുള്ള ഇടത് സര്‍ക്കാരിന്‍റെ സമീപനം ദൗര്‍ഭാഗ്യകരമെന്നും ചെന്നിത്തല പറഞ്ഞു. റേഷന്‍ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ശരിയായ കാര്യമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
 

വെബ്ദുനിയ വായിക്കുക