വലിയൊരു ഉല്‍ക്ക പതിച്ച് ലോകം അടുത്ത മാസം ഇല്ലാതായിത്തീരുമെന്ന് ലോകത്ത് പ്രചരിച്ചിരുന്ന കിംവദന്ദികള്‍ക്ക് വിരാമം. പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പറയുന്നത് പോലെ ഒരുല്‍ക്ക അടുത്ത 100 വര്‍ഷത്തേക്ക് ഭൂമിയിലേക്കെത്തില്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വ്യക്തമാക്കിയതൊടെയാണ് അഭ്യൂഹങ്ങക്ക്ലും ആശങ്കകളും ഒടുങ്ങിയത്. ലോകം അവസാനിക്കുമെന്ന ആശങ്കയ്ക്ക് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് നാസയുടെ വിശദീകരണം.
ബൈബിൾ സൈദ്ധാന്തികരുടെ ഒരു ഓൺലൈൻ കൂട്ടായ്മയാണ് ലോകാവസാനത്തെക്കുറിച്ചുള്ള അഭ്യൂഹം ആദ്യം പ്രചരിപ്പിച്ചത്. പിന്നീടത് ലോകമെങ്ങും വ്യാപിക്കുകയായിരുന്നു. സെപ്റ്റംബർ 15-നും 26-നും മധ്യേ ലോകം അവസാനിക്കുമെന്നായിരുന്നു പ്രചാരണം. ഭീമാകാരനായ ഉല്‍ക്ക ഭൂമിയെ നശിപ്പിക്കുമെന്നാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. പ്യൂർട്ടോ റിക്കോയ്ക്ക് സമീപമാകും ഉൽക്ക വന്ന് പതിക്കുകയെന്നും ഇത് അറ്റ്‌ലാന്റിക്കിലും അമേരിക്കയുടെ ഗൾഫ് തീരങ്ങളിലും കനത്ത നാശം വിതയ്ക്കുമെന്നും ദക്ഷിണ-ഉത്തര അമേരിക്കകളുടെ ഭൂരിഭാഗം പ്രദേശങ്ങളും നശിക്കുമെന്നുമായിരുന്നു ഇവർ പ്രവചിച്ചത്.
പ്രചരണം കാട്ടുതീപോലെ പടര്‍ന്നതൊടെ ലോകമെമ്പാടുമുള്ളവര്‍ ആശങ്കയിലായി. ഇതൊടെയാണ് നാസ വിഷയത്തില്‍ ഇടപെട്ടത്. ആകാശത്തുനിന്ന് ഭൂമിയുടെ നേർക്കുള്ള ആക്രമണങ്ങളെ നിരീക്ഷിക്കുന്ന നിയർ എർത്ത് ഒബ്ജക്ട് ഒബ്‌സർവേഷൻസ് പ്രോഗ്രാമാണ് അഭ്യൂഹത്തെ ഖണ്ഡിച്ചത്. വിദൂരഭാവിയിൽപ്പോലും ഭൂമിയിൽ പതിക്കുന്ന നിലയ്ക്ക് ഉൽക്കകളോ വാൽനക്ഷത്രങ്ങളോ നിലകൊള്ളുന്നില്ലെന്നും 100 വർഷത്തേയ്ക്ക് എന്തായാലും പേടിക്കേണ്ടെന്നും നാസ വ്യക്തമാക്കി.