സെവന്റം വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ പത്തിലധികം പേർ മരിച്ചെന്നും മുപ്പതിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ പൊലീസ് ഇതുവരെയും ഒരു മരണമേ സ്ഥിരീകരിച്ചിട്ടുള്ളൂ. വിമാനത്താവളത്തിലേക്കുള്ള റയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ജീവനക്കാരെയും യാത്രക്കാരെയും വിമാനത്താവളത്തിൽ നിന്ന് ഒഴിപ്പിച്ചു. ഇവിടെ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്, ചിലത് വഴിതിരിച്ചുവിട്ടു.
പാരിസ് ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരൻ സലാഹ് അബ്ദസ്‌ലാമിനെ (26) കഴിഞ്ഞ ദിവസം ബ്രസൽസിൽ നിന്ന് പിടികൂടിയിരുന്നു. നാലുമാസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ച ബ്രസൽസിൽനിന്ന് പൊലീസ് പിടികൂടിയത്. ഇയാൾക്ക് വിമാനത്താവളത്തിലെ ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇയാൾ ബെൽജിയത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
2004നു ശേഷം യൂറോപ്പിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായ പാരിസ് ആക്രമണത്തിൽ 130പേരാണു കൊല്ലപ്പെട്ടത്. ആക്രമണത്തിനു ദിവസങ്ങൾക്കു ശേഷം സ്ഫോടനവസ്‌തുക്കൾ അടക്കംചെയ്‌ത ചാവേർക്കുപ്പായം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതു സ്‌ലാമിന്റേതാണെന്ന നിഗമനത്തിൽ ഇയാൾക്കായി അന്വേഷണസംഘം തിരച്ചിൽനടത്തി വരികയായിരുന്നു.