രണ്ടാം ലോകമഹായുദ്ധത്തില്‍ അപ്രത്യക്ഷമായ മുങ്ങിക്കപ്പല്‍ കണ്ടെത്തി; കപ്പലില്‍ 71 മൃതദേഹങ്ങളും

Webdunia
വെള്ളി, 27 മെയ് 2016 (18:06 IST)
രണ്ടാം ലോക മഹായുദ്ധകാലത്ത് അപ്രത്യക്ഷമായ ബ്രിട്ടീഷ് മുങ്ങിക്കപ്പൽ കണ്ടെത്തി. കപ്പലിലെ 71 ജീവനക്കാരുമായി
ഇറ്റലിയിലെ സർഡിനിയയുടെ വടക്കുകിഴക്കൻ തീരത്തുള്ള ടാവോലാര ദ്വീപിന് അടുത്തായി നൂറുമീറ്റർ ആഴത്തിലാണ് കപ്പല്‍ കണ്ടെത്തിയത്. കപ്പലില്‍ ജീവനക്കാരുടെ മൃതദേഹവും ഉണ്ടായിരുന്നു.

കടലിന്റെ അടിത്തട്ടില്‍ മുങ്ങൽ വിദഗ്ദസംഘം നടത്തിയ തെരച്ചിലില്‍ ആണ് കപ്പല്‍ കണ്ടെത്തിയത്. 1290 ടൺഭാരമുള്ള മുങ്ങിക്കപ്പൽ 1943 ജനുവരി രണ്ടിനാണ് അപ്രത്യക്ഷമായത്. 1942 ഡിസംബർ 28ന് ലാ മഡാലീന തുറമുഖത്ത് നങ്കൂരമിട്ട രണ്ടു ഇറ്റാലിയൻ യുദ്ധക്കപ്പലുകൾ നശിപ്പിക്കുക എന്ന ദൗത്യവുമായി മാൾട്ടയിൽ നിന്നു പുറപ്പെട്ട ഈ മുങ്ങിക്കപ്പലിനെ  എതിരാളികള്‍ ആക്രമിച്ചതോടെ കേടുപാടുകള്‍ സംഭവിച്ച് കപ്പല്‍ കടലിന്റെ അടിത്തട്ടിലേക്ക് പോകുകയായിരുന്നു.

ആക്രമണത്തില്‍ കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും ഓക്‍സിജന്‍ ലഭ്യമാക്കുന്ന സംവിധാനത്തിനേറ്റ ആഘാതമാണ് ജീവനക്കാരുടെ മരണത്തിന് ഇടയാക്കിയത്. ഡിസംബർ 31ന് അവസാന സിഗ്നൽ നൽകിയ ശേഷമാണ് കപ്പലിനെക്കുറിച്ചുള്ള വിവരം ഇല്ലാതായത്. ഈ സമയം കപ്പലിന് നേരെ ആക്രമണം ഉണ്ടായതാകാം എന്നാണ് വിദഗ്ദര്‍ പറയുന്നത്.
Next Article