'നമസ്തേ വിംബ്ലി', അച്ഛേ ദിൻ സരൂർ ആയേഗാ: കാമറൂൺ

Webdunia
ശനി, 14 നവം‌ബര്‍ 2015 (08:42 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അച്ഛേ ദിന്‍ തീർച്ചയായും വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. വിംബ്ലിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി 'നമസ്തേ വിംബ്ലി' എന്ന് പറഞ്ഞുകൊണ്ടാണ് ആയിരക്കണക്കിന് ഇന്ത്യാക്കാരോട് സംസാരിച്ചു തുടങ്ങിയത്. കാമറൂണിന്റെ ഹിന്ദി ഭാഷയിലെ സ്വാഗത പ്രസംഗത്തെ വൻ ഹർഷാരവത്തോടെയാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്.

മോഡിക്കായി ഇന്ത്യന്‍ സമൂഹം ഒരുക്കിയ ചടങ്ങില്‍ കാമറൂണ്‍ മോഡിയെ പുകഴ്‌ത്തുകയും ചെയ്‌തു. ചായ വില്‍പ്പനക്കാരന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണം നിയന്ത്രിക്കാനാവില്ലെന്നു പലരും പറഞ്ഞു. എന്നാൽ മോഡി അത് തിരുത്തിയിരിക്കുകയാണ്. അദ്ദേഹം വാഗ്ദാനം ചെയ്‌ത അച്ഛേ ദിന്‍ എത്രയും വേഗം വരും. യു.എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകേണ്ടതുണ്ട്. ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്താൻ ഉടൻതന്നെ സാദ്ധ്യതയുയുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമൂഹം മോഡിക്കായി ഒരുക്കിയ ചടങ്ങില്‍ കാമറൂൺതന്നെ സ്വയം ചടങ്ങിന്റെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുകയായിരുന്നു. ഇതാദ്യമായാണ് മോഡിക്കായി ഇന്ത്യൻ സമൂഹം ഒരുക്കുന്ന ചടങ്ങില്‍ ഒരു രാഷ്ട്ര നേതാവ് പങ്കെടുക്കുന്നത്.