‘ബ്രെക്‌സിറ്റ്' ഫലത്തില്‍ ആടിയുലഞ്ഞ് യുകെയിലെ സിനിമ മേഖലയും
തിങ്കള്‍, 27 ജൂണ്‍ 2016 (17:31 IST)
ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്തുപോകാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചു കഴിഞ്ഞു. ബ്രിട്ടന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകരാജ്യങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തി. കറന്‍സിയിലും വ്യവസായത്തിലും തുടങ്ങി എല്ലാ മേഖലയിലും ബ്രെക്‌സിറ്റ് വരുത്തുന്ന മാറ്റങ്ങള്‍ വിദഗ്ദര്‍ ചര്‍ച്ച ചെയ്യുന്നു. ഇതിനിടയില്‍ യുകെയില സിനിമാ ടിവി മേഖലയുടെ ആശങ്കമാത്രം അധികമാരും കണ്ടില്ലെന്ന് നടിക്കുന്നു. ബ്രെക്‌സിറ്റ് മറ്റേതൊരു മേഖലയുമെന്ന പോലെ യുകെയിലെ സിനിമ, ടിവി മേഖലയെ പിടിച്ചുലച്ചിരിക്കുകയാണ്. ബ്രിട്ടണിലെ എന്റര്‍ടെയ്ന്റ്‌മെന്റ് വ്യവസായത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് ബ്രെക്‌സിറ്റ് എന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഡാനി പെര്‍കിന്‍സ് (സ്റ്റുഡിയോ കനാല്‍, യുകെ ചീഫ്)
ബ്രെക്‌സിറ്റിന്റെ ഫലമായി കറന്‍സിക്ക് ഉണ്ടാകുന്ന മൂല്യത്തകര്‍ച്ച വിനോദ വ്യവസായത്തെയും ബാധിക്കും. ഡോളറും യൂറോയും സാമ്പത്തികസ്രോതസായി മുന്നോട്ടു പോകുന്ന വ്യവസായത്തിന് മൂല്യതകര്‍ച്ച താങ്ങാനാവില്ല. യുകെയിലെ വിനോദ വ്യവസായ കമ്പനികളെ ഇത് ചെറിയ കാലത്തേക്കെങ്കിലും ബാധിക്കും. യൂറോപ്പുകാര്‍ക്കിടയിലേക്ക് സിനിമ എത്തിച്ചേര്‍ന്നില്ലെങ്കില്‍ അത് വന്‍ സാമ്പത്തിക നഷ്‌ടമായിരിക്കും മേഖലയ്ക്ക് ഉണ്ടാക്കുക. പ്രേക്ഷകര്‍ കുറയുന്നതോടെ വരുമാനം ഗണ്യമായി കുറയും.
ഹാര്‍വി വിന്‍സ്റ്റീന്‍ (ചലച്ചിത്ര നിര്‍മ്മാതാവ്, വിന്‍സ്റ്റീന്‍ കമ്പനിയുടെ കോ ചെയര്‍മാന്‍)
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം ഉല്പന്നങ്ങളുടെ വിവേചനത്തിനും ഇടയാക്കും. സിനിമയ്ക്കും ടിവി പരിപാടികള്‍ക്കും കണ്ടന്റ് ബ്രാന്റിംഗ് നടത്തുക എന്നത് ചെലവേറിയ കാര്യമാണ്. യൂറോപ്പിലെ പല ടിവി സ്റ്റേഷനുകളും ക്വാട്ടയിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രെക്‌സിറ്റ് ഇത്തരം സ്റ്റേഷനുകളുടെ നിലനില്‍പിനെ തന്നെ അവതാളത്തിലാക്കും.
മൈക്കിള്‍ റയാന്‍ (സ്വതന്ത്ര ഫിലിം ടെലിവിഷന്‍ അലയന്‍സിന്റെയും, ജിഎഫ്എം ഫിലിമിന്റെയും ചെയര്‍മാന്‍)
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്താകാനുള്ള ബ്രിട്ടന്റെ തീരുമാനം സിനിമാ ടിവി വ്യവസായത്തിനേറ്റ അടിയാണ്. ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും സിനിമയുടെയും ചിത്രീകരണം വളരെ ചെലവു കൂടിയതാണ്. നിയമങ്ങള്‍ മാറി മറിയുക കൂടി ചെയ്താല്‍ അത് ഇരട്ടിക്കും. യുകെയിലെ വിനോദ വ്യവസായത്തെ അടിച്ചമര്‍ത്തുന്ന തീരുമാനമാണ് ബ്രെക്‌സിറ്റ്.
നികുതി, മറ്റ് ചെലവുകള്‍ എന്നിവയില്‍ വരുന്ന മാറ്റം നിലവില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന നിര്‍മ്മാതാക്കളെ പ്രശ്‌നത്തിലാക്കും. ബഡ്ജറ്റില്‍ ഉണ്ടാകുന്ന അനിയന്ത്രിത വര്‍ദ്ധന പല കരാറുകളും അവസാനിപ്പിക്കുന്നതിന് പോലും ഇടയാക്കിയേക്കാം. യൂറോപ്യന്‍ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പണം സഹായം ലഭിക്കാതിരിക്കുന്നതും വ്യവസായത്തിന് പ്രതികൂലമാകും.