ഞങ്ങള്‍ ആ പട്ടിക തയ്യാറാക്കിയിട്ടില്ല: സ്വിസ് സര്‍ക്കാര്‍

Webdunia
തിങ്കള്‍, 23 ജൂണ്‍ 2014 (14:29 IST)
സ്വിസ് ബാങ്കില്‍ കളളപ്പണം നിക്ഷേപിച്ചവരുടെ പട്ടിക തയ്യാറാക്കുന്നില്ലെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സ്വിസ് സര്‍ക്കാര്‍ പറഞ്ഞു.

ഇതു സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തങ്ങളെ ഞെട്ടിച്ചുകളഞ്ഞതായും ആരാണ് ഈ വാര്‍ത്ത പരത്തിയതെന്ന് അറിവില്ലെന്നും സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിക്ഷേപകരുടെ പേരു വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഈ വാര്‍ത്തയെയാണ് സ്വിറ്റ്സര്‍ലാന്‍ഡ് നിഷേധിച്ചിരിക്കുന്നത്.  സ്വിസ് ബാങ്കില്‍ കള്ളപ്പണനിക്ഷേപകരുടെ വിവരങ്ങള്‍ ലഭിച്ചാല്‍ അത് പരസ്യപ്പെടുത്തണമന്ന് ആവശ്യപ്പെട്ട് കേസിലെ ഹര്‍ജിക്കാരനായ രാംജത് മലാനി സുപ്രീംകോടതിയെ സമീപിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

കള്ളപ്പണം തിരിച്ചുപിടിക്കാനാന്‍ ജസ്റ്റിസ് എംപി ഷാ അദ്ധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീംകോടതിയാണ് രൂപം നല്‍കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ വിവിധ ബാങ്കുകളിലായി ഇന്ത്യയ്ക്ക് 14000കോടി രൂപയുടെ നിക്ഷപമുപണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.