എലിസബത്ത് രാജ്‌ഞി അന്തരിച്ചെന്ന് ട്വീറ്റ് ചെയ്‌ത് മാധ്യമപ്രവര്‍ത്തക ബിബിസിയേയും ലോകത്തെയും ഞെട്ടിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം സത്യമാണെന്ന് കരുതിയ സിഎന്‍എന്‍, ബില്‍ഡ് തുടങ്ങിയ ലോകമാധ്യമങ്ങളും ഈ വാര്‍ത്ത തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഈ ട്വീറ്റ് കഴിഞ്ഞ് കിംഗ് എഡ്‌വേര്‍ഡ് ഏഴ് ആശുപത്രിയില്‍ രാജ്‌ഞി ചികിത്സയിലാണെന്നും ഉടന്‍ തന്നെ പ്രസ്‌താന പുറത്തിറക്കുമെന്നും രണ്ടാമെത്തെ ട്വീറ്റും വന്നതോടെ സംഭവം കൈവിട്ട് പോകുകയായിരുന്നു.
വാര്‍ത്ത പരന്നതോടെ കോപാകുലരായ ബക്കിങ്‌ഹാം കൊട്ടാരം രംഗത്ത് എത്തുകയായിരുന്നു. രാജ്‌ഞി സുഖമായിരിക്കുന്നുവെന്നും ആശുപത്രിയില്‍ സ്‌ഥിരം ചെക്കപ്പിന് പോകുക മാത്രമാണ് ഉണ്ടായതെന്നും ഉടനടി പ്രതികരിച്ചു. തുടര്‍ന്ന് ബിബിസി മാപ്പുപറഞ്ഞു തടിയൂരുകയായിരുന്നു. രാജ്‌ഞി മരിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ എന്ന് ബിബിസിയില്‍ റിഹേഴ്‌സല്‍ നടക്കുന്നതിനിടെയായിരുന്നു ബിബിസിയിലെ ബ്രോഡ്‌കാസ്‌റ്റിംഗ് ജര്‍ണലിസ്‌റ്റായ അഹ്‌മാന്‍ ക്വാജയുടെ ട്വീറ്റ് പുറത്തുവരുന്നത്. അബദ്ധം മനസിലായ ഉടന്‍ തന്നെ ക്വാജ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്‌തു. എന്നാല്‍ എങ്ങനെയാണ് ഇത്തരത്തിലൊരു ട്വീറ്റ് പുറത്തുവന്നത് എന്നതു സംബന്ധിച്ചു വ്യക്‌തതയില്ല. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്‌തതാവാം എന്നുമാണ് ക്വാജ നല്‍കുന്ന വിശദീകരണം.