ഒബാമയുടെ കുതന്ത്രം; കരയാന്‍ ഉള്ളി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണം

Webdunia
ചൊവ്വ, 12 ജനുവരി 2016 (14:41 IST)
വികാരധീനനായി കരയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്ളി ഉപയോഗിച്ചതായി ആരോപണം. തോക്കുകള്‍ ഉപയോഗം മൂലം കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയും സ്‌കൂളില്‍ വെടിവെപ്പ് ഉണ്ടാകുകയും ചെയ്‌ത സംഭവത്തില്‍ അനുശേചനം രേഖപ്പെടുത്തിക്കൊണ്ട് ഒബാമ സംസാരിച്ചപ്പോള്‍ കരഞ്ഞതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. രാജ്യാന്തര മാധ്യമമായ ഫോക്സ് ന്യൂസാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്.

2012ൽ യുഎസിലെ സാൻഡി ഹുക്ക് സ്കൂളിൽ നടന്ന വെടിവെപ്പില്‍ 20 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം വിവരിച്ച ഒബാമ കരയുകയായിരുന്നു. വാക്കുകള്‍ മുറിഞ്ഞ് കണ്ണുകള്‍ നിറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് സംസാരിച്ചത്. കൊല്ലപ്പെട്ട കുട്ടികളെക്കുറിച്ച് ഓര്‍ക്കുബോള്‍ ഭ്രാന്തുപിടിക്കുന്നതു പോലെ തോന്നു. നടന്നത് നടന്നു, ഇനി അത്തരത്തിലൊരു സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് ഒബാമ വെടിവെപ്പിനെ അനുസ്‌മരിച്ച് പ്രസംഗിച്ചത്.

ഒബാമയുടെ പ്രസംഗത്തെക്കുറിച്ച് ഫോക്സ് ന്യൂസ് നടത്തിയ ചർച്ചയിൽ നേതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങളിൽ വിശ്വസിക്കാനാവില്ലെന്ന് അവതാരക അൻഡ്രിയ ടാൻടറോസ് പറയുകയായിരുന്നു. ഒരു കഷ്ണം ഉള്ളിയോ മറ്റെന്തെങ്കിലുമോ കണ്ടെത്താൻ ഞാൻ വേദിയിൽ തിരഞ്ഞിരുന്നു. വികരാധീനരായി നേതാക്കൾ കരയുകയെന്നത് ഒരിക്കലും വിശ്വസിക്കാനാകുന്ന ഒന്നല്ലെന്നും അവർ പറഞ്ഞു. അതേസമയം, ഒബാമയുടേത് രാഷ്ട്രീയ നാടകമാണെന്നായിരുന്നു മറ്റൊരു അവതാരക മെലിസ ഫ്രാൻസിസിന്റെ അഭിപ്രായം.