സിറിയൻ ഓർത്തഡോക്‌സ് സഭായുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയ്‌ക്ക് നേരെ ചാവേറാക്രമണം. ആക്രമണത്തിൽ നിന്നും ബാവ കഷ്ടിച്ചു രക്ഷപ്പെട്ടു. ജന്മനാടായ ഖാമിഷ്ലി ജില്ലയിലെ ഖാതിയില്‍ വെച്ചായിരുന്നു ചാവേര്‍ ആക്രമണം. ചാവേറും അംഗരക്ഷകരും ഉള്‍പ്പെടെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പത്തു പേർക്ക് ഗുരുതരമായി പരുക്കേറ്റു.
കേരളത്തിലെ യാക്കോബായ സഭ ഉൾപ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാർക്കീസ് ബാവ.
ഓട്ടോമാൻ കൂട്ടക്കുരുതി നടന്ന സ്ഥലത്തുവച്ചായിരുന്നു പാത്രിയാർക്കീസ് ബാവയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. ചാവേര്‍ പാത്രിയാർക്കീസ് ബാവയ്‌ക്ക് അടുത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ഇയാളെ തടയുകയായിരുന്നു.
സംരക്ഷണ സേന ഇയാളെ തടഞ്ഞതോടെ ലക്ഷ്യത്തിലെത്തും മുൻപു ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് സൂചനകളില്ല. എന്നാൽ ഐഎസ് ഭീകരരും നിലവിലുള്ള സർക്കാരിനെതിരെ പ്രവർത്തിക്കുന്നവരും ഏറെയുള്ള മേഖലയാണ് സ്‌ഫോടനം നടന്ന സ്ഥലമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വടക്കുകിഴക്കൻ സിറിയയിൽ ധാരാളം പള്ളികളുള്ള മേഖലയാണു ഖാമിഷ്‍ലി. നൂറുവർഷം മുൻപ് ഓട്ടോമൻ ഭരണകാലത്തു പതിനായിരക്കണക്കിനു ക്രിസ്ത്യാനികൾ ഇവിടെ കൊലചെയ്യപ്പെട്ടിട്ടുണ്ട്. സെയ്ഫോ കൂട്ടക്കൊലയെന്നാണ് ഇത് അറിയപ്പെടുന്നത്.
ഇവിടെ കൊല്ലപ്പെട്ടവരെ സഭ വിശുദ്ധന്മാരായാണു കണക്കാക്കുന്നത്. ഇതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു നിർമിച്ച സ്മാരകം ഉദ്ഘാടനം ചെയ്യാനാണു പാത്രിയർക്കീസ് ബാവാ എത്തിയത്