വേനല്‍ കടുത്തപ്പോള്‍ ഉണ്ടായ വരള്‍ച്ചയില്‍ ഡാമിലെ വെള്ളം വറ്റിയതോടെ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. കുര്‍ദിസ്ഥാനിലെ മൊസുള്‍ ഡാമിലാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട്‌പുരാതന കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്നും മിതാനി സാമ്രാജ്യത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകർ.
രാജ്യത്തെ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരാവസ്തു പര്യവേഷണമാണ് ഇതെന്ന് കുര്‍ദിസ്ഥാനിലെ പുരാവസ്തു ഗവേഷകന്‍ ഹസന്‍ അഹമ്മദ് കാസിം പറയുന്നു. നദിയുടെ അടിത്തട്ടില്‍ നിന്നും ഏകദേശം 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മണ്ണിന്റെ കട്ടകളാല്‍ നിര്‍മ്മിച്ച മേല്‍ക്കൂര കെട്ടിടത്തിന്‍റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീട് ഉണ്ടാക്കിയതാണ്. രണ്ട് മീറ്റര്‍ ഘനത്തിലാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
‘കെമുനെ’ എന്ന് പേരിട്ടാണ് പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ വിശേഷിപ്പിക്കുന്നത്. കൊട്ടാരത്തിനുള്ളില്‍ നിന്നും ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും കണ്ടെത്തി. പുരാതന കാലഘട്ടത്തില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമായിരുന്നെങ്കിലും അവ സുരക്ഷിതമായി ലഭിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ്. മാത്രമല്ല, ചുമര്‍ ചിത്രങ്ങള്‍ ലഭിക്കുന്നത് പുരാവസ്തു ഗവേഷണ രംഗത്തെ അത്ഭുതമാണെന്നും ഗവേഷക പുല്‍ജിസ് പറഞ്ഞു. പഴയ കാലത്ത് എഴുതാന്‍ ഉപയോഗിച്ചിരുന്ന സംവിധാനവും ഇവിടെ നിന്ന് ലഭിച്ചു. മണ്ണിനാല്‍ ഉണ്ടാക്കിയ കട്ടകളില്‍ എഴുതിയ ലിപി വിവര്‍ത്തനം ചെയ്യാന്‍ ജെര്‍മനിയിലേക്ക് അയച്ചിരിക്കുകയാണ്.