നിര്‍മ്മിച്ചത് 10,000 വ്യാജ ക്രെഡിറ്റ് കാര്‍ഡ്; തട്ടിയെടുത്തത് 1200 കോടി!
ബുധന്‍, 25 ജൂണ്‍ 2014 (14:31 IST)
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് ഉപയോഗിച്ചത് 10,000 വ്യാജ ക്രെഡിറ്റ് കാര്‍ഡെന്ന് പ്രതിയുടെ കുറ്റസമ്മതം. ഇന്ത്യന്‍ വംശജനായ വിജയ് വര്‍മയാണ് കുറ്റം സമ്മതിച്ചത്. ഇത്രയും കാര്‍ഡുകളുപയോഗിച്ച 20 കോടി അമേരിക്കന്‍ ഡോളറാണ്(1200 കോടി രൂപ) തട്ടിപ്പു സംഘം ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചത്.
കേസില്‍ പതിനെട്ടാം പ്രതിയാണ് വിജയ് വര്‍മ്മ. ഇയാള്‍ ന്യൂജേഴ്സിയില്‍ സ്ഥിര താമസമാക്കിയ ആളാണ്. ഇത്രയും വ്യാജ ക്രെഡിറ്റ്കാര്‍ഡ് കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനായി വ്യാജ രേഖകള്‍ ചമയ്ക്കുന്നതിന് കൂട്ടു നിന്നു എന്നതാണ് വിജയ്ക്കെതിരേയുള്ള കുറ്റം.
7000 വ്യാജ തിരിച്ചറിയല്‍രേഖകളുണ്ടാക്കിയെന്നാണ് വിജയ് സമ്മതിച്ചത്. ഈ വ്യാജകാര്‍ഡുകളുപയോഗിച്ച് മറ്റ് പ്രതികള്‍ വിവിധ സ്ഥാപനങ്ങളില്‍നിന്നായി കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങി. ഒന്നും തിരിച്ചടച്ചുമില്ല. ഇതുവഴി ബാങ്കുകള്‍ക്ക് വന്‍തുക നഷ്ടമായി. തന്റെ ജ്വല്ലറിക്കടവഴി സാധനങ്ങള്‍ വാങ്ങാനും വിജയ് കൂട്ടുനിന്നുവെന്നാണ് കേസ്.
15 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വിജയിന്റെ പേരിലുള്ളത്. ഒന്നര ക്കോടി രൂപ പിഴയും അടയ്‌ക്കേണ്ടിവരും. സപ്തംബറില്‍ ട്രെന്റന്‍ ഫെഡറല്‍കോടതി ശിക്ഷവിധിക്കും.