9/11 ലോകമാകെ അഹങ്കരിച്ചു നിന്ന അമേരിക്കയുടെ അഭിമാനത്തിനേറ്റ തിരിച്ചടിയായിരുന്നു. യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അന്ന് തകര്‍ന്നടിഞ്ഞു. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ട അന്നത്തെ ഭികരാക്രമണത്തിന്റെ പിന്നില്‍ അമേരിക്കന്‍ സഖ്യകക്ഷിയായ സൌദി അറേബ്യയ്ക്ക് പങ്കുണ്ട് എന്ന് പുതിയ വെളിപ്പെടുത്തല്‍. ആക്രമണം നടത്തിയ അല്‍ഖായിദ സംഘാംഗമായ സഖറിയാസ് മൂസാവിയാണ് വിവാദമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഇയാള്‍ ഇപ്പൊള്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തടവിലാണ്. മുന്‍ ഇന്റലിജന്‍സ് മേധാവി തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍, 22 വര്‍ഷത്തോളം യുഎസിലെ സൌദി സ്ഥാനപതിയായിരുന്ന ബാന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ തുടങ്ങിയ പ്രമുഖ രാജകുടുംബാംഗങ്ങളാണ് അല്‍ഖായിദയ്ക്ക് പണം നല്‍കി സഹായിച്ചതെന്നാണ് മൂസാവി വെളിപ്പെടുത്തിയിരിക്കുന്നത്. 1990കള്‍ മുതല്‍ത്തന്നെ ഇവരില്‍ പലരും അല്‍ ഖായിദയ്ക്ക് പണം നല്‍കി സഹായിക്കുന്നുണ്ടെന്നും മൂസാവി വെളിപ്പെടുത്തിയിട്ടുണ്ട്.
സൌദി അറേബ്യയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നു. ഇവരുടെ അഭിഭാഷകരോടാണ് കഴിഞ്ഞ ഒക്ടോബറില്‍ മൂസാവി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സൌദി എംബസി മൂസാവിയുടെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. യാതൊരു വിശ്വാസ്യതയുമില്ലാത്ത ഭ്രാന്തു പിടിച്ച കുറ്റവാളിയാണ് മൂസാവിയെന്നും അവര്‍ ആരോപിച്ചു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൌസിലേക്ക് ബോയിങ് 747 വിമാനം ഇടിച്ചു കയറ്റി ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരസംഘത്തില്‍ താനും അംഗമായിരുന്നുവെന്നും മൂസാവി പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ യാത്രാ വിമാനമായ എയര്‍ഫോഴ്സ് വണ്ണിനെതിരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് ഉചിതമായ സ്ഥലം കണ്ടെത്തുന്നതിന് സൌദിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനൊപ്പം താന്‍ യുഎസിലേക്ക് യാത്ര ചെയ്തുവെന്നും വെളിപ്പെടുത്തലുണ്ട്. എന്നാല്‍ ഇയാളുടെ വാദഗതികള്‍ സത്യമാണോയെന്ന് ഇനിയും വ്യക്തമല്ല.