താലിബാന്‍ തീവ്രവാദികളെ മുട്ടുകുത്തിച്ച്‌ ഇന്ത്യന്‍ ഹെലികോപ്‌റ്ററുകള്‍; നേട്ടം അവിശ്വസനീയമെന്ന് യു എസ്‌

Webdunia
ബുധന്‍, 3 ഫെബ്രുവരി 2016 (15:27 IST)
ഇന്ത്യയുടെ എംഐ35 ഹെലികോപ്‌റ്ററുകള്‍ അഫ്‌ഗാന്‍ സൈന്യത്തിന്റെ മൂന്നേറ്റത്തെ മികച്ച രീതിയില്‍ സഹായിക്കുന്നതായി തുറന്നു സമ്മതിച്ച്‌ അഫ്‌ഗാനിലെ യു എസ്‌ ഫോഴ്‌സ് മേധാവി ജനറല്‍ ജോണ്‍ കാംബെല്‍ രംഗത്ത്‌. താലിബാന്‍ തീവ്രവാദികള്‍ക്ക്‌ എതിരായ പോരാട്ടത്തില്‍ ഈ മൂന്ന്‌ മള്‍ട്ടി റോള്‍ ഹെലികോപ്‌റ്ററുകളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. നാലാമത്‌ ഒരു എംഐ35 വിമാനംകൂടി അഫ്‌ഗാന്‍ സൈന്യത്തിന്‌ ലഭിക്കുന്നതോടെ തീവ്രവാദികള്‍ക്കെതിരെ മികച്ച പ്രതിരോധം തീര്‍ക്കാന്‍ സൈന്യത്തിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഐ 24 മോഡല്‍ ഹെലികോപ്‌റ്ററിന് ചില വ്യത്യാസങ്ങള്‍ വരുത്തിയാണ് എംഐ 35 നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരിയില്‍ മൂന്ന്‌ എംഐ 35 വിമാനങ്ങളാണ്‌ അഫ്‌ഗാന്‌ ഇന്ത്യ നല്‍കിയത്‌. ഒരേസമയം പ്രഹരശേഷിയുള്ള ആയുധങ്ങളും സൈന്യത്തെയും വഹിക്കാന്‍ കഴിവുള്ളതാണ്‌ വിമാനങ്ങള്‍. അഫ്‌ഗാന്‍ പോരാട്ട മേഖലയില്‍ ഇന്ത്യ നല്‍കിയ സമ്മാനങ്ങള്‍ തീവ്രവാദികള്‍ക്ക്‌ പേടിസ്വപ്‌നമാകുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഇന്ത്യയുടെ സഹായത്തില്‍ അഫ്‌ഗാനിലെ ജനങ്ങളും സര്‍ക്കാരും യു എസും നന്ദിയറിയിച്ചിരുന്നു.

മോഡിയുടെ അഫ്‌ഗാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു ഇന്ത്യ മൂന്ന്‌ യുദ്ധ ഹെലികോപ്‌റ്ററുകള്‍ അഫ്‌ഗാന്‌ നല്‍കിയത്‌. നാലാമത്തെ വിമാനവും ഉടന്‍ കൈമാറുമെന്നാണ്‌ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.