450ലധികം വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ലോകത്തിലെ ഏറ്റവും വലിയ മെഡല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി

ശ്രീനു എസ്

തിങ്കള്‍, 28 ജൂണ്‍ 2021 (16:55 IST)
അബൂദബി: വെസ്റ്റ് ബനിയാസിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ 450ലധികം വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ലോകത്തിലെ ഏറ്റവും വലിയ മെഡല്‍ നിര്‍മിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി. സ്റ്റീലില്‍ രൂപകല്‍പന ചെയ്ത മെഡലിന് ഏകദേശം 450 കിലോ ഭാരവും 5.93 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുമാണുള്ളത്. ഈ വര്‍ഷം ആദ്യത്തില്‍ അബൂദബിയില്‍ സ്ഥാപിച്ച 68.5 കിലോഗ്രാം ഭാരവും 2.56 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുമുള്ള മുന്‍ റെക്കോഡിനെ മറികടന്നാണ് ശനിയാഴ്ച ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പുതിയ മെഡല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കിയത്.
 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശനിയാഴ്ച രാവിലെ സ്‌കൂളിലെ പ്രധാന ലോബിയില്‍ പ്രദര്‍ശിപ്പിച്ചാണ് മെഡല്‍ ഗിന്നസ് അധികൃതര്‍ അളന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബെനോ കുര്യന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജീവനക്കാര്‍, സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ മുനീര്‍ അന്‍സാരി എന്നിവര്‍ പരിപാടിയില്‍ പങ്കാളികളായി. ഒബൈദ് അല്‍ കെത്ബി നേടിയ ഗിന്നസ് റെക്കോഡിനെ പുതിയ മെഡല്‍ മറികടന്നതായി ഗിന്നസ് പ്രതിനിധി കാന്‍സി എല്‍. ഡിഫ്രാവി പ്രഖ്യാപിച്ചു. നീണ്ട ഹര്‍ഷാരവത്തോടെയാണ് സ്‌കൂളിലെ വിദ്യാര്‍ഥികളും ജീവനക്കാരും പ്രയത്നത്തിനു ലഭിച്ച അംഗീകാര പ്രഖ്യാപനത്തെ സ്വീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍