അബ്ദുള്‍ അസീസ് ഹഖാനിയെ ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിച്ചു

ബുധന്‍, 26 ഓഗസ്റ്റ് 2015 (10:43 IST)
അഫ്ഗാനിലെ ഭീകര സംഘടനയായ ഹഖാനി ശൃംഖലയുടെ പുതിയ മേധാവി അബ്ദുള്‍ അസീസ് ഹഖാനിയെ ആഗോള ഭീകരനായി യു.എസ് പ്രഖ്യാപിച്ചു.  പ്രത്യേകമായി നിര്‍ദേശിക്കപ്പെട്ട ആഗോള ഭീകരന്‍ എന്ന പേരുവീണതോടെ അസീസ് ഹഖാനിയുടെ പ്രവര്‍ത്തന മേഖല പൂര്‍ണ്ണമായും യു.എസ് നിരീക്ഷണത്തിലാകും. ഇയാളുമായി എന്തെങ്കിലും ബന്ധം സ്ഥാപിക്കുന്നതില്‍ നിന്ന് യു.എസ് പൗരന്മാര്‍ക്ക് കടുത്ത വിലക്കുണ്ടാകും. ഇയാള്‍ക്ക് യു.എസില്‍ ഉള്ളഎല്ലാ സ്വത്തും കണ്ടുകെട്ടാനും കഴിയും.

 അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണ പദ്ധതികളില്‍ ഹഖാനിക്കുള്ള പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് ഈ നടപടി. അഫ്ഗാനിസ്താനില്‍ യു.എസിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഹഖാനി നെറ്റ്‌വര്‍ക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ ജീവനക്കാരെയും ഗ്രാമീണരെയും തട്ടിക്കൊണ്ടുപോകുന്നതും സ്‌ഫോടനങ്ങള്‍ നടത്തുന്നതും പതിവാണ്.

സഹോദരന്‍ ബദ്രുദ്ദീന്‍ ഹഖാനിയുടെ മരണത്തെ തുടര്‍ന്ന് ഭീകര സംഘടനയുടെ നേതൃത്വം ഏറ്റെടുഒത്ത അസീസ് ഹഖാനി അഫ്ഗാനില്‍ ആക്രമണ പരമ്പര തന്നെ അഴിച്ചുവിട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യു.എസ് 2014ല്‍ 50 ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അസീസ് ഹഖാനിയുടെ മറ്റൊരു സഹോദരനായ സിറാജുദ്ദീന്‍ ഹഖാനിയും ഈ സംഘടനയിലുണ്ട്. കാബൂളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിനു നേരെ ആക്രമണം നടത്തിയതിനു പിന്നില്‍ ഹ്ഖാനി ശൃംഖലയ്ക്ക് പങ്കുണ്ട്.

വെബ്ദുനിയ വായിക്കുക