ലോകത്തിന്റെ അങ്ങേയറ്റത്ത് ഒരു നിഗൂഢഗര്‍ത്തം!

തിങ്കള്‍, 21 ജൂലൈ 2014 (12:20 IST)
ലോകത്തിന്റെ അങ്ങേയറ്റത്ത് ഒരു നിഗൂഢഗര്‍ത്തം പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ കുഴക്കുന്നത്. സൈബീരിയയിലെ വാതകസമ്പുഷ്ട മേഖലയായ യമല്‍ ഉപദ്വീപില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢഗര്‍ത്തമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം
 
ലോകത്തിന്റെ അറ്റം  എന്നാണ് യമല്‍ എന്ന വാക്കിന്റെ അര്‍ഥം. സൈബീരിയയുടെ വടക്കന്‍ വിദൂരമേഖലയില്‍ സ്ഥിതിചെയ്യുന്ന യമലില്‍  ഹെലികോപ്ടറില്‍ സഞ്ചരിച്ചവരാണ് ഗര്‍ത്തം കണ്ടെത്തിയത്. നൂറടി വിസ്താരമുള്ള ഗര്‍ത്തത്തിന്റെ ആഴം എത്രയെന്ന് വ്യക്തമല്ല. 
 
ഉല്‍ക്കാപതനം മുതല്‍ അന്യഗ്രഹജീവികള്‍ നടത്തിയ ബോംബ് പരീക്ഷണംവരെ പല വിശദീകരണങ്ങളും ഗര്‍ത്തത്തിന്റെ കാരണമായി പ്രചരിച്ചുകഴിഞ്ഞു, രണ്ടുവര്‍ഷം മുമ്പാണ് യമല്‍ മേഖലയില്‍ ആ ഗര്‍ത്തം രൂപപ്പെട്ടതെന്ന് കരുതുന്നു. കോന്‍സ്റ്റാന്റിന്‍ നിക്കോലേവ് എന്ന എഞ്ചിനിയര്‍ ഉള്‍പ്പെട്ട സംഘമാണ് ഗര്‍ത്തം ഹെലികോപ്റ്ററില്‍നിന്ന് പകര്‍ത്തിയത്
 
ആഗോളതാപനമാകാം നിഗൂഢഗര്‍ത്തിന്റെ കാര്യത്തില്‍ യഥാര്‍ഥപ്രതിയെന്നാണ് ഗവേഷകമതം. പ്രകൃതിവാതകം സുലഭമായ പ്രദേശമാണ് യമല്‍. ഭൂമിക്കുള്ളിലെ ഒരു വാതകഅറ, ലവണവും ജലവുമായി കൂട്ടുചേരുകയും താപനില വര്‍ധിച്ചപ്പോള്‍ ഉഗ്രശക്തിയോടെ പുറത്തേക്ക് പൊട്ടിത്തെറിച്ചതിന്റെ അവശേഷിപ്പാകാം ഗര്‍ത്തമെന്ന്, സബ്-ആര്‍ട്ടിക് സയന്റിഫിക് റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍ കരുതുന്നു.
 
 
 

വെബ്ദുനിയ വായിക്കുക