പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിൽ ഉണ്ടായ വെടിവെയ്പിൽ 35 പേർ കൊല്ലപ്പെട്ടു. സാന്താക്ലോസിന്റെ വേഷത്തിലാണ് അക്രമികൾ ക്ലബ്ബിലെത്തിയത്. വെടിവെയ്പ്പിൽ 40ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്.
സാന്താക്ലോസിന്റെവേഷം ധരിച്ചെത്തിയ രണ്ടു പേർ ക്ലബ്ബിൽ കയറിയ ഉടൻ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സംഭവ സമയത്ത് ക്ലബ്ബില്‍ എഴുനൂറോളം പേര് ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വെടിവെയ്പ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.