‘സ്‌നോഡന്‍ ഗാന്ധിജിയെപ്പോലെയാണ്’; ഞെട്ടല്‍ വിട്ടുമാറാതെ ഒബാമ!

വ്യാഴം, 8 ഓഗസ്റ്റ് 2013 (18:53 IST)
PRO
PRO
എഡ്വേര്‍ഡ് സ്‌നോഡനെ ഗാന്ധിജിയെപ്പോലെയാണെന്ന് യുഎസ് നിയമഞ്ജന്‍. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നിയമഞ്ജനായ ജോണ്‍ ലെവിസാണ് പാര്‍ട്ടിയെയും ഒബാമയെയും വെട്ടിലാക്കി കൊണ്ട് സ്‌നോഡനെ പുകഴ്ത്തി സംസാരിച്ചത്. ഇതുകേട്ട ഒബാമയുടെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ലത്രേ. അമേരിക്കയിലെ പ്രമുഖ സിവില്‍ റൈറ്റ്‌സ് പ്രവര്‍ത്തകനായ ലെവിസ് അഹിംസയിലൂടെ നിസ്സഹകരണം നടത്തുന്ന വ്യക്തിയെന്നാണ് സ്‌നോഡനെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സ്വാതന്ത്യ ലബ്ദിക്ക് മുന്‍പ് മഹാത്മാ ഗാന്ധി സ്വീകരിച്ചിരുന്ന സമരമുറയായിരുന്നു അഹിംസയും നിസഹകരണവും.

അമേരിക്ക നടത്തിയ നിരീക്ഷണങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന സ്‌നോഡന്‍ പിന്‍തുടരുന്നത് നിസഹകരണ സമരത്തിന്റെ മുറകളാണെന്നും ലെവിസ് അഭിമുഖത്തില്‍ പറഞ്ഞു. ചിന്തകരായ തൊറോയുടെയും ഗാന്ധിജിയുടെയും നയങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റാണെന്നും നീതിയുക്തമല്ലായെന്നും നിങ്ങള്‍ വിശ്വസിക്കുന്ന ഏതിനെയും എതിര്‍ക്കാനുള്ള ധാര്‍മ്മികത പുലര്‍ത്തിയാല്‍ നിങ്ങള്‍ മനസാക്ഷിയുള്ളവരാകുമെന്നും ലെവിസ് പറഞ്ഞു.

എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കിയ റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള ചര്‍ച്ചകള്‍ ഒബാമ റദ്ദാക്കിയ അതേ ദിവസം തന്നെയായിരുന്നു ജോണ്‍ ലെവിസിന്റെ പ്രസ്താവനയും പുറത്ത് വന്നത്. യുഎസ് കോണ്‍ഗ്രസിന്റെ ധര്‍മ്മബോധം എന്നായിരുന്നു നേരത്തെ ഒബാമ ലെവിസിനെ വിശേഷിപ്പിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക