‘വാ‍ഷിംഗ്‌ടണ്‍‘ ഇനി ആമസോണിന് സ്വന്തം!

ചൊവ്വ, 6 ഓഗസ്റ്റ് 2013 (15:06 IST)
PRO
PRO
‘വാ‍ഷിംഗ്‌ടണ്‍‘ ഇനി ആമസോണിന് സ്വന്തം. എന്താ സംഭവിച്ചതെന്ന് ചിന്തിച്ച് തലപുണ്ണാക്കേണ്ട. ലോകത്തിലെ ഒരു മാധ്യമഭീമനെ കൂടി കൈമാറുന്ന കാര്യമാണ് പറഞ്ഞു വന്നത്. അതെ, അമേരിക്കന്‍ മാധ്യമലോകത്തെ പ്രൗഢസാന്നിധ്യമായ 'വാ‍ഷിംഗ്‌ടണ്‍ പോസ്റ്റ്' പത്രം ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബെസോസ് വാങ്ങുന്നു. 25 കോടി ഡോളറിനാണ് (1500 കോടി രൂപ) കൈമാറ്റം. അമേരിക്കന്‍ മാധ്യമലോകത്ത് നടുക്കമുളവാക്കിയ വാര്‍ത്ത തിങ്കളാഴ്ചയാണ് പുറത്തുവന്നത്.

നാലു തലമുറയായി അമേരിക്കയിലെ ഗ്രഹാം കുടുംബത്തിന്റെ വകയാണ് പത്രം ജെഫ് ഒരു 'യുഗത്തിന്റെ അന്ത്യം' എന്നാണ് വാ‍ഷിംഗ്‌ടണ്‍ പോസ്റ്റ് കൈമാറ്റത്തെ വിശേഷിപ്പിച്ചത്. തിങ്കളാഴ്ചയാണ് വില്‍പ്പന സംബന്ധിച്ച ധാരണയായതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

പത്രപ്രവര്‍ത്തനത്തിന്റെ അന്തസും ആഭിജാത്യവും നിലനിര്‍ത്തിപ്പോന്ന വാ‍ഷിംഗ്‌ടണ്‍ പോസ്റ്റ്, അതിന്റെ 'വാട്ടര്‍ഗേറ്റ്' റിപ്പോര്‍ട്ടുകള്‍ വശി ലോകത്തെ തന്നെ ഞെട്ടിച്ചു. അന്നത്തെ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണ്‍ന്റെ രാജിയ്ക്ക് വരെ വാട്ടര്‍ഗേറ്റ് റിപ്പോര്‍ട്ടുകള്‍ കാരണമായി. ഇതുവഴി പത്രപ്രവര്‍ത്തകരുടെ ഒരു തലമുറയ്ക്ക് തന്നെ പ്രചോദമായി മാറിയ പത്രമാണ് വാ‍ഷിംഗ്‌ടണ്‍ പോസ്‌റ്റ്.

ഓണ്‍ലൈന്‍ റിട്ടെയ്‌ലിങിലൂടെ ആധുനിക ബിസിനസിന് പുത്തന്‍ മുഖം നല്‍കിയ കമ്പനിയാണ് ജെഫ് സ്ഥാപിച്ച ആമസോണ്‍ ഡോട്ട് കോം. എന്നാല്‍ , ആമസോണ്‍ അല്ല വാ‍ഷിംഗ്‌ടണ്‍ പോസ്റ്റിനെ സ്വന്തമാക്കുന്നത്. ജെഫ് സ്വന്തംനിലയ്ക്കാണ് കച്ചവടം ഉറപ്പിച്ചിരിക്കുന്നത്. അടുത്ത രണ്ടുമാസത്തിനകം വില്‍പ്പനയുടെ നടപടി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്‍ര്‍നെറ്റ് മീഡിയയുടെ വരവോടെ, അമേരിക്കയിലെ മറ്റ് പത്രങ്ങളെപ്പോലെ വാഷിങ്ടണ്‍ പോസ്റ്റിന്റെയും സര്‍ക്കുലേഷനില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ പത്രക്കച്ചവടമാണിത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള 'ബോസ്റ്റണ്‍ ഗ്ലോബ്' പത്രം ജോണ്‍ ഡബ്ല്യു ഹെന്‍ട്രിക്ക് ഏഴ് കോടി ഡോളറിന് വിറ്റ കാര്യം ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്.

വെബ്ദുനിയ വായിക്കുക