യേശു ക്രിസ്തുവിന്‍റെ മരണം സംബന്ധിച്ച കാര്യത്തില്‍ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ തിരുത്ത്. യേശുവിന്റെ മരണത്തിനുത്തരവാദികള്‍ ജൂതരല്ലെന്നാണ് മാര്‍പാപ്പ തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നത്.
മാര്‍പാപ്പയുടെ ‘ജീസസ് ഒഫ് നസ്രേത്ത്‘ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച തിരുത്ത് നടത്തിയിരിക്കുന്നത്. ജൂത സമൂഹത്തിന്റെ മേല്‍ കുറ്റം കെട്ടിവയ്ക്കാന്‍ മാത്രം യാതൊരു തെളിവും സൈദ്ധാന്തികമായി ലഭിച്ചിട്ടില്ല. ബൈബിളിലും ഇതെക്കുറിച്ച് തെളിവില്ല. അതിനാല്‍ ജൂതരെ വേട്ടയാടുന്നതില്‍ അര്‍ത്ഥമില്ല, മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു.
യോഹന്നാന്‍റെ സുവിശേഷത്തിലാണ് യേശുവിന്റെ മരണത്തിന് ഉത്തരവാദികള്‍ ജൂതരാണെന്നത് സംബന്ധിച്ച സൂചന നല്‍കിയിട്ടുള്ളത്. എന്നാല്‍ ജൂത ദേവാലയങ്ങള്‍ നോക്കിനടത്തിയവരെയാണ് ജൂതന്മാര്‍ എന്ന് ഉദ്ദേശിട്ടുണ്ടാവുകയെന്ന് മാര്‍പാപ്പയുടെ പുസ്തകത്തില്‍ പറയുന്നു.
മാര്‍പാപ്പയുടെ ഈ പരാമര്‍ശത്തെ ജൂത സമൂഹം സ്വാഗതം ചെയ്തു.
യേശുവിന്റെ ജീവിതം, മരണം, ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നിവ പ്രതിപാദിക്കുന്ന ഈ പുതിയ പുസ്തകം മാര്‍ച്ച് 10ന് പുറത്തിറങ്ങും. ഇതിന്റെ ഒന്നാം ഭാഗം 2007ല്‍ പുറത്തിറങ്ങിയിരുന്നു.