ഹെ‌ഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യും

ബുധന്‍, 9 ജൂണ്‍ 2010 (09:39 IST)
മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സംഘം ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എങ്കിലും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനായി യുഎസ് വീണ്ടും അനുമതി നല്‍കി എന്നാണ് സൂചന.

ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി എന്‍‌ഐ‌എ ഓപ്പറേഷന്‍സ് മേധാവി ലോക്നാഥ് ബഹ്‌റയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം മെയ് 24 തിങ്കളാഴ്ചയാണ് യുഎസില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍, മെയ് അഞ്ചിനു മാത്രമാണ് ഇന്ത്യന്‍ സംഘത്തിന് ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞത്.

ഹെ‌ഡ്‌ലിയുടെ സഹകരണം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ സംഘത്തിനു കാത്തിരിക്കേണ്ടി വന്നത് എന്ന് യുഎസ് വിശദീകരിച്ചു. പക്ഷേ, ഹെഡ്‌ലി സഹകരിച്ചില്ല എന്ന വാര്‍ത്ത ഇന്ത്യ അംഗീകരിച്ചിട്ടില്ല. അതേസമയം, യുഎസ് സന്ദര്‍സനത്തിലായിരുന്ന വിദേശകാര്യമന്ത്രി എസ് ‌എം കൃഷ്ണയുടെ ഇടപെടല്‍ മൂലമാണ് കാത്തിരിപ്പിനവസാനം ഇന്ത്യന്‍ സംഘത്തിന് ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യന്‍ സംഘം ഈ മാസം പകുതിയോടെ മാത്രമേ മടങ്ങിയെത്തുകയുള്ളൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക