ഹെലികോപ്ടര്‍ ഇടപാട്: രേഖകള്‍ ഇന്ത്യക്ക് നല്‍കേണ്ടെന്ന് ഇറ്റാലിയന്‍ കോടതി

ശനി, 16 ഫെബ്രുവരി 2013 (16:52 IST)
PRO
PRO
ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ത്യയ്ക്ക് കൈമാറേണ്ടതില്ലെന്ന് ഇറ്റലിയന്‍ കോടതി. ഇതോടെ കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ച സി ബി ഐക്ക് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യത മങ്ങി. എന്നാല്‍ ഇറ്റലിയന്‍ പൊലീസ് നടത്തിയ പ്രഥമിക അന്വേഷണ രേഖകള്‍ ഉള്ളതിനാല്‍ ആദ്യഘട്ട അന്വേഷണത്തെ ഇത് ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇടപാടിനെക്കുറിച്ചന്വേഷിക്കാന്‍ സി ബി ഐ സംഘവും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും നാളെ ഇറ്റലിയിലെത്തും.

ഇറ്റാലിയന്‍ ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം നല്കിയ രേഖകള്‍ പഠിച്ച ശേഷമാണ് സി ബി ഐ സംഘം ഇറ്റലിയില്‍ എത്തുന്നത്. സി ബി ഐയുടെ രണ്ടംഗ സംഘമാവും ഇറ്റലിയിലെത്തുക. അതിനിടയില്‍ ഇടപാട് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സി എ ജി പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാരുമായി സി ബിഐ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം ആരോപണ വിധേയനായ മുന്‍ വായു സേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗി ഉള്‍പ്പടെയുളളവരെ സി ബി ഐ ചോദ്യം ചെയ്യും. ഇടപാടിനെക്കുറിച്ച് സി എ ജി നേരത്തെ പരിശോധന തുടങ്ങിയിരുന്നു. ഇക്കാര്യത്തിലുള്ള പ്രാഥമിക റിപ്പോര്‍ട്ട് സി എ ജി പ്രതിരോധമന്ത്രാലയത്തിന് കൈമാറി.

ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ മുന്‍ സി ഇ ഒ ഗിസിപ്പി ഓര്‍സി ഹെലികോപ്റ്റര്‍ ഇടപാടില്‍ കൈക്കുലി നല്കിയെന്ന ആരോപണം ചോദ്യം ചെയ്യലില്‍ നിഷേധിച്ചു എന്നാണ് സൂചന.

ഇടനിലക്കായ മൈക്കിളിനെയോ ഹാര്‍ഷ്കിനെയോ അറിയില്ല എന്നാണ് ഓര്‍സി ഇറ്റാലിയന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ത്യാഗി സഹോദരന്‍മാരെ അറിയില്ലെന്നും ഇവര്‍ക്ക് പണം നല്കാന്‍ ആരെയും ചുമതലപ്പെടുത്തിയില്ലെന്നും ഓര്‍സി വിശദീകരിച്ചു. ഇതിനിടെ ഹെലികോപ്ററര്‍ ഇടപാടില്‍ ആരോപണ വിധേയരായ ഇടനിലക്കാര്‍ ദില്ലി പോലീസിന് ഹെലികോപ്റ്റര്‍ വില്ക്കാനും ശ്രമിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡുമായി ചര്‍ച്ചയൊന്നു നടന്നില്ലായെന്നാണ് ദില്ലി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിന്റെ വിശദീകരണം.

വെബ്ദുനിയ വായിക്കുക