ഹെയ്ത്തി ദുരന്തം: പതിനാറുകാരിക്ക് പുനര്‍ജന്‍‌മം

വ്യാഴം, 28 ജനുവരി 2010 (18:21 IST)
PRO
ഹെയ്ത്തി ദുരന്തത്തില്‍ പെട്ട പതിനാറുവയസുകാരിക്ക് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മോചനം. ഫ്രഞ്ച് രക്ഷാപ്രവര്‍ത്തന സംഘമാണ് തകര്‍ന്ന വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചത്.

ഭൂചലനത്തില്‍ സര്‍വ്വവും തകര്‍ന്ന ഹെയ്ത്തി തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സാണ് ഈ പുനര്‍ജന്‍മത്തിന് സാക്‍ഷ്യം വഹിച്ചത്. രണ്ടാഴ്ച മുമ്പുണ്ടായ ഭൂചലനത്തില്‍ ഏറ്റവും കൂടുതല്‍ നാശം ഉണ്ടായ നഗരമാണ് പോര്‍ട്ട് ഓ പ്രിന്‍സ്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തുവന്ന നേര്‍ത്ത ശബ്ദം സമീപത്തുണ്ടാ‍യിരുന്നവര്‍ ശ്രവിച്ചതാണ് ഡാര്‍ലി എറ്റിനേ എന്ന പതിനാറുകാരിയെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.

ഇടിഞ്ഞുപൊളിഞ്ഞുവീണ കോണ്‍ക്രീറ്റുകള്‍ക്കിടയില്‍ ഒരു വിടവിലായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഈ വിടവില്‍ നിന്നും തനിയെ പുറത്തുകടക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. പുറത്തെടുത്തപ്പോഴേക്കും തീര്‍ത്തും അവശയായിരുന്ന അവള്‍ ദൈവദൂതന്‍‌മാരെപ്പോലെ തന്നെ രക്ഷിച്ചവരോട് നേര്‍ത്ത ശബ്ദത്തില്‍ നന്ദി മാത്രം പറഞ്ഞു.

ചൊവ്വാഴ്ച ഒരു മുപ്പത്തിയൊന്നു വയസുകാരനെയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക