മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധരന്‍ ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ വീട്ടുതടങ്കലിലാക്കിയെന്ന് വാര്‍ത്തകള്‍. പാക് മാധ്യമങ്ങളെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ലാഹോറിലെ ജോഹര്‍ ടൗണിലെ ഹാഫിസിന്‍റെ വീടിന് പുറത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ടെന്നും ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തവണയാണ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കുന്നത്. മതിയായ തെളിവില്ലെന്ന കാരണത്താല്‍ നേരത്തെ സയീദിനെ തടങ്കലില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു.
അതേസമയം, ജമാത്ത്- ഉദ്-ദവ മേധാവി കൂടിയായ സയീദിന് ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
സയീദിനെ അറസ്റ്റ് ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പാകിസ്താന്‍ തള്ളിക്കളയുകയായിരുന്നു ഇതുവരെ. എന്നാല്‍, സയീദിന്‍റെ വീട്ടുതടങ്കല്‍ മുഖം രക്ഷിക്കാനുള്ള പാകിസ്താന്റെ ശ്രമം മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു.
മുംബൈ ഭീകരാക്രമണം സംബന്ധിച്ച സകല തെളിവുകളും പാകിസ്ഥാന്‍റെ പക്കലുള്ള സ്ഥിതിക്ക് സയീദിനെ ചോദ്യം ചെയ്യണമെന്നും, സയീദിനെതിരെയുള്ള രണ്ട് എഫ് ഐ ആറുകളിലും മുംബൈ ആക്രമണത്തിന്‍റെ കാര്യം പറയുന്നില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.