സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

ശനി, 3 ജൂണ്‍ 2017 (07:59 IST)
റിയാദിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. റിയാദില്‍ നിന്നും മക്കയിലേക്ക് ഉംറക്കു പുറപ്പെട്ട മലയാളി സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം സ്വശേിയും ഇപ്പോള്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ താമസിക്കുകയും ചെയ്യുന്ന മുഹമ്മദ് ശഹീന്റെ ഭാര്യ സബീന(30), മകള്‍ എട്ട് മാസം പ്രായമുള്ള ദിയ ഫാത്തിമ, ഏഴ് വയസ്സുകാരി അസ്‌റ ഫാത്തിമ എന്നിവരാണ് മരിച്ചത്. സബീനയും ദിയ ഫാത്തിമയും സംഭവ സ്ഥലത്തുവെച്ചും അസ്‌റ ഫാത്തിമ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.  
 
സബീനയുടെ ഭര്‍ത്താവ് മുഹമ്മദ് ശഹീന്‍ (38), കൊണ്ടോട്ടി സ്വദേശി ശംസുദ്ദീന്‍ - നുസൈബ ദമ്പതികളുടെ പതിനാല് വയസ്സുള്ള മകന്‍ മുനവ്വര്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായിഫില്‍നിന്നും 245 കിലോമീറ്റര്‍ അകലെ ദലം എന്ന സ്ഥലത്തെത്തിയപ്പോള്‍ സൗദിയുവാക്കള്‍ സഞ്ചരിച്ച വാഹനം ഇവരുടെ വാഹനത്തിനു പിറകെ ഇടിക്കുകയായിരുന്നു. അതോടെ നിയന്ത്രണം നഷ്ടപ്പെട്ട  ഇവരുടെ വാഹനം മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞാണ് വലിയൊരു ദുരന്തമുണ്ടായത്.

വെബ്ദുനിയ വായിക്കുക