സ്വാത്: കാത്തിരുന്ന് കാണാമെന്ന് അമേരിക്ക

വെള്ളി, 27 ഫെബ്രുവരി 2009 (16:33 IST)
പാകിസ്ഥാനിലെ സ്വാത്‌ താഴ്‌വരയില്‍ പാക് സര്‍ക്കാരും - താലിബാന്‍ പോരാളികളും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതിന്‍റെ അനന്തര ഫലങ്ങള്‍ കാത്തിരുന്ന് കാണാമെന്ന് അമേരിക്ക. യുഎസ്‌ സന്ദര്‍ശനത്തിന്‌ എത്തിയിരിക്കുന്ന പാക്ക്‌ സൈനിക മേധാവി ജനറല്‍ അഷ്ഫാഖ്‌ കയാനിയുമായി വിഷയം ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് പറഞ്ഞു.

വിഷയത്തില്‍ ‘കാത്തിരുന്നു കാണാം’ എന്ന നിലപാടാണ്‌ അമേരിക്കയ്ക്കുള്ളതെന്ന് ഗേറ്റ്സ്‌ വ്യക്തമാക്കി. സൈനിക രംഗത്തെ നേട്ടങ്ങള്‍ക്ക്‌ ഇന്നലെ യുഎസ്‌ സൈനിക കോളജ്‌ കയാനിയെ ആദരിച്ചു. യുഎസ്‌ ആര്‍മി കമാന്‍ഡ്‌ ആന്‍ഡ്‌ ജനറല്‍ സ്റ്റാഫ്‌ കോളജില്‍ നടന്ന ചടങ്ങില്‍ ആയിരത്തോളം മേജര്‍മാര്‍ പങ്കെടുത്തു.

താഴ്വരയില്‍ ശരി‌അത്ത് നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാരും താലിബാനും പത്ത് ദിവസത്തെ വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടത്. താഴ്വരയില്‍ താലിബാനുമായി സ്ഥിരം വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശനിയാഴ്ച വെളിപ്പെടുത്തി. തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ താലിബാന്‍ അനിശ്ചിത കാലത്തേയ്ക്ക് നീട്ടി.

അതേസമയം പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ വെടിനിര്‍ത്താനായി താലിബാന്‍ തീവ്രവാദികള്‍ക്ക്‌ പാക്‌ സര്‍ക്കാര്‍ പണം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അറുപത്‌ ലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കിയാണ് താഴ്വരയില്‍ വെടി നിര്‍ത്തലിന് താലിബാനെക്കൊണ്ട് സമ്മതിപ്പിച്ചതെന്ന് ഒരു വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട്‌ ചെയ്‌തത്.

വെബ്ദുനിയ വായിക്കുക