സ്റ്റാലിനെ എയിഡ്‌സിനോട് ഉപമിക്കുന്ന പരസ്യം!

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2009 (17:58 IST)
PRO
PRO
എയിഡ്‌സ് രോഗത്തിനെതിരെ ജനങ്ങളെ ബോധവല്‍‌ക്കരിക്കുന്നതിന്റെ ഭാഗമായി നാസിസത്തിന്റെ ഉപജ്ഞാതാവായ ഹിറ്റ്ലര്‍, സ്റ്റാലിനിസത്തിന്റെ ഉപജ്ഞാതാവായ ജോസഫ് സ്റ്റാലിന്‍, ഇറാഖിന്റെ മുന്‍ ഭരണാധികാരി സദ്ദാം ഹുസ്സൈന്‍ എന്നിവരെ കഥാപാത്രങ്ങളാക്കി ജര്‍മനിയിലെ എയിഡ്‌സ് ബോധവല്‍‌ക്കരണ ഗ്രൂപ്പ് പരസ്യചിത്രങ്ങളൊരുക്കും. ‘കൂട്ടക്കൊല ചെയ്യാന്‍ ശേഷിയുള്ള രോഗമാണ് എയിഡ്‌സ്’ എന്നാണ് ഈ പരസ്യചിത്രങ്ങളിലൂടെ സര്‍ക്കാര്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുക.

പരമ്പരയിലെ ആദ്യത്തെ പരസ്യചിത്രം ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഒരു സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. വീഡിയോയുടെ അവസാനത്തില്‍ ഹിറ്റ്‌ലറായി പുരുഷന്‍ രൂപാന്തരം പ്രാപിക്കുന്നു. ‘ജൂതന്മാരെ ഹിറ്റ്‌ലര്‍ കൊന്നൊടുക്കി, എല്ലാവരെയും എയ്‌ഡ്സ് കൊന്നൊടുക്കുന്നു’ എന്ന് എഴുതിക്കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.

പരമ്പരയിലെ അടുത്ത ചിത്രം ജോസഫ് സ്റ്റാലിനെ കഥാപാത്രം ആക്കിയുള്ളതായിരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ലക്ഷക്കണക്കിന് ആളുകളെ സ്റ്റാലിന്‍ കൊന്നൊടുക്കിയ കഥ ചരിത്രത്തിന്റെ ഭാഗമാണ്. സ്റ്റാലിന്‍ നടത്തിയ കൂട്ടക്കൊലയെയും എയ്‌ഡ്സ് നടത്തുന്ന കൂട്ടക്കൊലയെയും ബന്ധിപ്പിക്കുന്നതായിരിക്കും പരസ്യം. സ്റ്റാലിന്‍ ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം ഈ വീഡിയോയില്‍ ഉണ്ടായിരിക്കും.

ഒരു ദിവസം ആരായിരം ആളുകളാണ് എയിഡ്‌സിനാല്‍ കൊല്ലപ്പെടുന്നത്. ഏകദേശം 30 മില്യണ്‍ ആളുകള്‍ ഇതിനകം ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ആളുകളെ ഞെട്ടിക്കുന്ന പരസ്യചിത്രങ്ങളിലൂടെ മാത്രമേ ഈ കൊടിയ വിപത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കാനാകൂ എന്ന് പരസ്യചിത്രങ്ങള്‍ തയ്യാറാക്കുന്ന എയിഡ്‌സ് ബോധവല്‍‌ക്കരണ ഗ്രൂപ്പ് പറയുന്നു. എന്നാല്‍, പരസ്യചിത്രത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആചാര്യന്മാരില്‍ ഒരാളായ സ്റ്റാലിനെ ഉള്‍‌പ്പെടുത്തിയതില്‍ പലയിടത്തും പ്രതിഷേധം ഇരമ്പുന്നുണ്ട്.

വെബ്ദുനിയ വായിക്കുക