കാന്‍സറിന് കാരണമായേക്കുന്ന സോപ്പ് ഓണ്‍ലൈനിലൂടെ വില്‍പന നടത്തുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയ സോപ്പ് ലഭിച്ച ഖത്തര്‍ സ്വദേശിയായ പൗരനെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോപ്പില്‍ നിന്ന് കണ്ടെത്തിയിരിക്കുന്ന വസ്തുക്കള്‍ കാന്‍സറിന് കാരണമാകുന്നവയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഖത്തര്‍ സ്വദേശിയുടെ വീട്ടിലെ വേലക്കാരി ഓണ്‍ലൈനിലൂടെ വാങ്ങിയ പാഴ്‌സലില്‍ ഏതാനും സോപ്പുകള്‍ കുറവുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരം ലഭിച്ചത്. സോപ്പുകള്‍ പരിശോധിച്ചപ്പോഴാണ് അതില്‍ കാന്‍സറിന് കാരണമായ വസ്തുക്കള്‍ കണ്ടെത്തിയത്.
ഫിലിപ്പീന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു പ്രത്യേക ബ്രാന്‍ഡിലുള്ള സോപ്പായിരുന്നു വേലക്കാരി ഓണ്‍ലൈനിലൂടെ വാങ്ങിയത്. കറുത്ത പാടുകള്‍ ഇല്ലാതാക്കാനും തൊലി മൃദുവാക്കാനും സ്ത്രീകള്‍ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന സോപ്പായിരുന്നു ഇത്. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സോപ്പുകള്‍ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.