സ്കൂളില്‍ ഇസ്ലാമിക പ്രാര്‍ത്ഥന: പ്രക്ഷോഭവുമായി ഹിന്ദുക്കള്‍

ചൊവ്വ, 5 ജൂലൈ 2011 (15:46 IST)
എല്ലാ വെള്ളിയാഴ്ചയും ടൊറന്‍റോയിലെ ഒരു സ്കൂളില്‍ ഇസ്ലാമിക പ്രാര്‍ത്ഥന നടത്തുന്നതിനെതിരെ പ്രക്ഷോഭവുമായി ഹിന്ദുക്കള്‍ രംഗത്തെത്തി. വാലി പാര്‍ക്ക് മിഡില്‍ സ്കൂളിലെ മുസ്ലിം സമുദായത്തില്‍ പെട്ട 400 കുട്ടികള്‍ക്കായി പ്രാര്‍ത്ഥന നടത്തുന്നതാണ് ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചത്.

അടുത്തുള്ള പള്ളിയില്‍ നിന്നെത്തുന്ന ഒരു ഇമാമാണ് എല്ലാ വെള്ളിയാഴ്ചയും സ്കൂളില്‍ 40 മിനിറ്റ് ഇസ്ലാമിക പ്രാര്‍ത്ഥന നടത്തുന്നത്. ഈ കൂട്ട പ്രാര്‍ത്ഥന ഉടന്‍ നിര്‍ത്തണമെന്നതാണ് ഹിന്ദു സംഘടനകളുടെ ആവശ്യം.

ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. “ഈ പ്രാര്‍ത്ഥന അനുവദിക്കാനാവില്ല. ഇത് മതസൌഹാര്‍ദ്ദത്തിനെതിരെ ഭീഷണിയുയര്‍ത്തുന്നതാണ്. മതപരമായ ഒരു ക്ലാസും പൊതു സ്കൂളുകളില്‍ നടത്താറില്ല. ഈ പ്രാര്‍ത്ഥന അവസാനിപ്പിക്കണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെടും” - പ്രക്ഷോഭം നടത്തുന്ന സംഘടനകളുടെ പ്രതിനിധി റോണ്‍ ബാനര്‍ജി പറഞ്ഞു.

സ്കൂളിലെ ഇസ്ലാമിക പ്രാര്‍ത്ഥന നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ ടൊറന്‍റോ ജില്ലാ സ്കൂള്‍ ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. മതേതരമായ വിദ്യാഭ്യാസ രീതി സ്കൂളില്‍ പിന്തുടരാന്‍ മാനേജുമെന്‍റിന് ബാധ്യതയുണ്ടെന്ന് ഹിന്ദു സംഘടനകള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക