സൈബര്‍ ക്രൈം: പാക് പൌരന് 41 വര്‍ഷം തടവ്

വെള്ളി, 18 ജൂലൈ 2008 (13:54 IST)
സൈബര്‍ കുറ്റകൃത്യത്തിന് പാകിസ്ഥാനില്‍ ആദ്യമായി ഒരാള്‍ക്ക് കഠിന ശിക്ഷ നല്‍കി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കൃത്രിമം കാട്ടിയതിനാണ് അലി ഭായ് എന്ന് വിളിക്കുന്ന മൊഹമ്മദ് ഖാനെ 41 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

ലാഹോറിലെ സ്പെഷ്യല്‍ ബാങ്കിംഗ് കോടതി ആണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം.

ലാഹോറില്‍ നിന്നുമാണ് ഖാനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ലാപ്‌ടോപ്പ്, വിവിധ അന്താരാഷ്ട്ര ബാങ്കുകളുടെ വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍, അന്താരാഷ്ട്ര ബാങ്കുകളുടെ രേഖകള്‍ എന്നിവ കണ്ടെടുത്തതായി ഫെഡറല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ സൈബര്‍ ക്രൈം സര്‍ക്കിള്‍ പ്രസ്താവനയില്‍ പറഞ്ഞു.

മൂന്ന് ഏജന്‍റുമാരുടെ സഹായത്തോടെ ആണ് ഖാന്‍ തട്ടിപ്പ് നടത്തിയത്. ആദ്യമായാണ് സൈബര്‍ കുറ്റകൃത്യത്തിന് പാകിസ്ഥാനില്‍ ഒരാളെ ഇത്രയും കഠിനമായി ശിക്ഷിക്കുന്നതെന്ന് സൈബര്‍ ക്രൈം വിംഗ് അസിസ്റ്റന്‍റ് ഡയറക്ടര്‍ സിയ സലാം പറഞ്ഞു.

വെബ്ദുനിയ വായിക്കുക